| Saturday, 26th October 2024, 9:17 am

സ്പിന്നര്‍മാരെ കളിക്കാന്‍ ഇന്ത്യയ്ക്ക് കഴിവില്ല; കടുത്ത വിമര്‍ശനവുമായി ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സംഭവിച്ചത്. മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞടുത്തപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 259 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ ഒതുക്കിയത്. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയാണ് ന്യൂസിലാന്‍ഡ് നല്‍കിയത്.

വെറും 156 റണ്‍സിനാണ് ഇന്ത്യയെ കിവീസ് ഓള്‍ ഔട്ട് ആക്കിയത്. കിവീസിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറിന്റെ ഇടിവെട്ട് ബൗളിങ്ങിലാണ് ഇന്ത്യ തകര്‍ന്നത്.

19.3 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 53 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 2.72 എന്ന കിടിലന്‍ എക്കോണമിയും താരത്തിനുണ്ട്. മിച്ചലിന് പുറമെ ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റും നേടി.

സ്പിന്‍ ബൗളിങ്ങിന് അനുകൂലമായി പിച്ച് ഒരുക്കിയതോടെ ഇന്ത്യന്‍ ബാറ്റിങ്ങില്‍ കിവീസ് ബൗളര്‍മാര്‍ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ആകാശ് ചോപ്ര ഇന്ത്യന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്‍ ബൗളിങ് നേരിടുന്നതില്‍ പരാജയപ്പെട്ടെന്നാണ് ചോപ്ര അഭിപ്രായപ്പെട്ടത്. മാത്രമല്ല സ്പിന്‍ നേരിടുന്നതിന് ഇന്ത്യക്ക് മികച്ച ബാറ്റര്‍മാര്‍ ഇല്ലെന്നും ആകാശ് അഭിപ്രായപ്പെട്ടു.

‘ഞങ്ങള്‍ സ്പിന്നര്‍മാരെ നന്നായി കളിക്കുന്നില്ല എന്ന വസ്തുത അംഗീകരിക്കുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്‍ ബൗളിങ് നേരിടാന്‍ മികച്ചവരാണെന്ന ഒരു ചിന്തയുണ്ട്, പക്ഷേ ഞങ്ങള്‍ അങ്ങനെയല്ല എന്നതാണ് സത്യം. സ്പിന്നിങ്, സീമിങ് പിച്ചുകളില്‍ റണ്‍സ് നേടാന്‍ ശ്രമിക്കുന്നതിന് മുമ്പ് പ്രതിരോധ ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്.

ചേതേശ്വര്‍ പൂജാര അത്തരത്തിലുള്ള ഒരു ബാറ്ററായിരുന്നു. അജിങ്ക്യ രഹാനെയ്ക്ക് അദ്ദേഹത്തോട് സാമ്യമുണ്ടായിരുന്നു. എന്നിരുന്നാലും, അവര്‍ നിലവിലെ ടെസ്റ്റിന്റെ ഭാഗമല്ല, മാത്രമല്ല അത്തരം ഗെയിം കളിക്കാന്‍ കഴിയുന്ന ഒരു കളിക്കാരന്‍ പോലും നിലവിലെ ടീമിലില്ല. സ്പിന്നര്‍മാര്‍ ഞങ്ങളെ വീണ്ടും കീഴടക്കി, ഇത് ആദ്യത്തേതും അവസാനത്തേതുമായതല്ല,’ ആകാശ് ചോപ്ര ജിയോസിനിമയില്‍ പറഞ്ഞു.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. ഇതോടെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ 301 റണ്‍സിന്റെ മികച്ച ലീഡിലാണ് കിവീസ്. ഇന്ത്യന്‍ ബൗളിങ്ങിന് കിവീസിന്റെ ബാറ്റിങ് നിരയെ തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ ലീഡ് കിവീസിന് നേടാന്‍ സാധിക്കും, ഇത് വീണ്ടും ഇന്ത്യയുടെ തോല്‍വിയിലേക്ക് നയിച്ചേക്കാം.

Content Highlight: Akash Chopra Talking About Indian Team

We use cookies to give you the best possible experience. Learn more