ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ വിജയിച്ചത്. അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 142 റണ്‍സിനായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും വിജയം. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214ന് പുറത്താവുകയായിരുന്നു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് പരമ്പരയില്‍ കാഴ്ചവെച്ചത്. ഇപ്പോള്‍ ഇന്ത്യയുടെ പ്രധാന ശക്തിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഇന്ത്യ ബാറ്റിങ്ങിലാണ് ഏറ്റവും ശക്തരെന്നും ബൗളിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചോപ്ര ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കി.
‘നിങ്ങളുടെ ശക്തി എന്താണോ അത് നിങ്ങള്‍ രണ്ടാമതായി ചെയ്യണം എന്നത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പ്രധാന തന്ത്രമാണ്. നിങ്ങളുടെ ബൗളിങ് മികച്ചതാണെങ്കില്‍, അത് പിന്നീട് ചെയ്യുക. നിങ്ങളുടെ ബാറ്റിങ് മികച്ചതാണെങ്കില്‍, അത് പിന്നീട് ചെയ്യുക. ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് മികച്ചതാണ്.
എന്റെ അഭിപ്രായത്തില്‍ ഇന്ത്യ ബാറ്റിങ്ങിലാണ് ഏറ്റവും ശക്തര്‍. കാരണം ടീമില്‍ എട്ട് ബാറ്റര്‍മാരുണ്ട്. അതുകൊണ്ട് ഇന്ത്യ ബൗളിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. ഇല്ലെങ്കില്‍ ടൂര്‍ണമെന്റില്‍ അത് ബാധിക്കും,’ ആകാശ് ചോപ്ര പറഞ്ഞു.
ഓപ്പണറായി ഇറങ്ങിയ ഗില്‍ 102 പന്തില്‍ 112 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ 64 പന്തില്‍ 78 റണ്‍സും വിരാട് കോഹ്‌ലി 55 പന്തില്‍ 52 റണ്‍സും സ്വന്തമാക്കി. 29 പന്തില്‍ 40 റണ്‍സടിച്ച കെ.എല്‍. രാഹുലിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ കരുത്തായി.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാല് വിക്കറ്റ് നേടി. മാര്‍ക് വുഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സാഖിബ് മഹ്‌മൂദ്, ഗസ് ആറ്റ്കിന്‍സണ്‍, ജോ റൂട്ട് എന്നിവര്‍ ഓരോ ഇന്ത്യന്‍ താരങ്ങളെയും പവലിയനിലേക്ക് മടക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിച്ചില്ല. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നിട്ടും ആദ്യ നാല് ബാറ്റര്‍മാരും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിട്ടും ഇംഗ്ലണ്ടിന് വിജയം സ്വപ്നം മാത്രമായി അവശേഷിച്ചു.
Content Highlight: Akash Chopra Talking About Indian Cricket Team