ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സിഡ്നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് മത്സരങ്ങളില്‍ 3-1ന് ഓസീസ് വിജയം സ്വന്തമാക്കിയത്. ഇതോടെ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കിരീടം നേടുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി പരമ്പരയില്‍ 32 വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റന്‍ ബുംറ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ അവസാന മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ബുംറയ്ക്ക് പരിക്ക് പറ്റിയ ശേഷം ഇന്ത്യന്‍ ബൗളിങ് തകരുകയായിരുന്നു. 12 ഓവര്‍ എറിഞ്ഞ് 69 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. പ്രസീദ് കൃഷ്ണ 12 ഓവറില്‍ 65 റണ്‍സും വിട്ടുകൊടുത്തിരുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ ബൗളിങ്ങിന്റെ തകര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. മുഹമ്മദ് ഷമിയുടെ വിടവ് ഇന്ത്യയെ വലിയ രീതിയില്‍ ബാധിച്ചെന്നാണ് ചോപ്ര പറഞ്ഞത്. മാത്രമല്ല അവസാന മത്സരത്തില്‍ സിറാജ് മോശം പ്രകടനമാണ് നടത്തിയതെന്നും മുന്‍ താരം പറഞ്ഞു.
‘ഫാസ്റ്റ് ബൗളര്‍മാര്‍ വേട്ടയാടപ്പെട്ടു, ബൗളര്‍മാകുടെ പാക്കേജ് തയ്യാറാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. മുഹമ്മദ് ഷമിയുടെ പരിക്ക് വലിയ ആഘാതമായിരുന്നു. ഹര്‍ഷിത് റാണയ്ക്ക് രണ്ട് ഗെയിമുകളാണ് നല്‍കിയത്, തുടര്‍ന്ന് ടീം ആകാശ് ദീപിനൊപ്പം പോയി, അവസാന ടെസ്റ്റില്‍ പകരക്കാനായി പ്രസിദ് കൃഷ്ണയെ ഉള്‍പ്പെടുത്തി.
ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഓവര്‍ എറിഞ്ഞത് സിറാജാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഫോര്‍മാറ്റുകളിലുടനീളം അദ്ദേഹം നന്നായി ബൗള്‍ ചെയ്തു. അവന്‍ തന്റെ ഏറ്റവും മികച്ചത് നല്‍കി, പക്ഷേ അവസാനം നടത്തിയ പ്രകടനം മോശമായി,’ ആകാശ് ചോപ്ര പറഞ്ഞു.
അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് പേസ് ബൗളര്‍ മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. പരമ്പരയില്‍ 157.1 ഓവര്‍ എറിഞ്ഞ താരം 31.15 എന്ന ആവറേജില്‍ 20 വിക്കറ്റുകള്‍ നേടി. 632 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഒരു ഫോര്‍ഫര്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ താരമാകാനും താരത്തിന് സാധിച്ചിരുന്നു.
Content Highlight: Akash Chopra Talking About Indian Bowlers