മഹാരാജ യാദവേന്ത്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് മുംബൈയും പഞ്ചാബും ഏറ്റുമുട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ്. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്നും വെറും രണ്ടു വിജയവുമായി നാല് പോയിന്റുകളാണ് മുംബൈ ടീം സ്വന്തമാക്കിയത്. എന്നാല്‍ നെറ്റ് റെണ്‍റേറ്റിന്റെ ബലത്തില്‍ പഞ്ചാബ് മുംബൈക്ക് തൊട്ടു മുകളിലുണ്ട്.
എന്നാല്‍ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ പരാജയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പൊന്നും വിലക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലേക്ക് ക്യാപ്റ്റനായി എത്തിയ ഹര്‍ദിക് പാണ്ഡ്യക്ക് കാര്യമായ ഒന്നും തന്നെ ടീമിനു വേണ്ടി ചെയ്യാന്‍ സാധിച്ചില്ല.
2022 നിലവില്‍ വന്ന ഗുജറാത്ത് ടൈറ്റന്‍സിന് കന്നി സീസണില്‍ തന്നെ ഹര്‍ദിക്കിന്റെ നേതൃത്വത്തില്‍ ഐ.പി.എല്‍ കിരീടം ചൂടിയിരുന്നു. 2023 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് റണ്ണേഴ്‌സ് ആവാനും സാധിച്ചു.
എന്നാല്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ടായിരുന്നു രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍സില്‍ നിന്നും തെറിപ്പിച്ച് പാണ്ഡ്യ പുതിയ ക്യാപ്റ്റനായി എത്തിയത്. നിലവില്‍ മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ദിക് എത്തിയിട്ടും ടീമിന്റെ പുരോഗതിക്കു വേണ്ടിയുള്ള ഒരു മാറ്റവും ഉണ്ടായിട്ടില്ല.
എന്നാല്‍ ഇത് ഏറെ പ്രയാസം സൃഷ്ടിച്ചത് ഗുജറാത്ത് ടൈറ്റന്‍സിനാണെന്ന് പറയുകയാണ് ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ‘ഹര്‍ദിക്കിന്റെ സാന്നിധ്യം മുംബൈ ഇന്ത്യന്‍സിന് ഇതുവരെ ഗുണം ചെയ്തിട്ടില്ല, എന്നാല്‍ അദ്ദേഹത്തിന്റെ അഭാവം ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് വേദനിപ്പിച്ചത്,’ ചോപ്ര എക്‌സില്‍ എഴുതി.
Content Highlight: Akash Chopra Talking About Hardik Pandya