| Tuesday, 21st May 2024, 8:37 am

അവന്‍ ഒരു മോശം തെരഞ്ഞെടുപ്പാകില്ല, പക്ഷെ പ്രശ്‌നമുണ്ട്; ഗംഭീറിനെക്കുറിച്ച് വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് ശേഷം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് 2024 ജൂണ്‍ രണ്ടു മുതല്‍ നടക്കാനിരിക്കുന്ന ടി-ട്വന്റി വേള്‍ഡ് കപ്പ് ആണ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി എല്ലാ ടീമുകളും അവരുടെ സ്‌ക്വാഡ് പുറത്തുവിട്ടു കഴിഞ്ഞു.

എന്നാല്‍ 2024 ജൂലൈ മുതല്‍ 2027 ഡിസംബര്‍ വരെ നീളുന്ന കരാറില്‍ ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ബി.സി.സി.ഐക്ക് ഇതുവരെ ആരേയും ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീറിനെ ബോര്‍ഡ് ഇതിനായി സമീപിച്ചു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നിലവില്‍ 2024ലിലെ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി പ്രവര്‍ത്തിക്കുന്ന ഗംഭീറാണ് മുന്‍നിര താരം. ഗംഭീര്‍ ഇന്ത്യന്‍ ഡെഡ് കോച്ച് സ്ഥാനത്തേക്ക് എത്തിയാല്‍ കാര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആകാശ് ചോപ്ര.

കോച്ചിങ് സ്റ്റാഫിന്റെ തലവന്‍ എന്ന നിലയില്‍ ഗംഭീര്‍ ഒരു മോശം തിരഞ്ഞെടുപ്പായിരിക്കില്ലെന്നും, എന്നാല്‍ തന്റെ കര്‍ശനമായ പരിശീലന രീതികള്‍ക്ക് കീഴില്‍ മുതിര്‍ന്ന താരങ്ങള്‍ എങ്ങനെ കളിക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്നും ചോപ്ര പറഞ്ഞു.

‘ഗംഭീര്‍ ഒരു മോശം തിരഞ്ഞെടുപ്പല്ല, കാരണം അവന്‍ നേരായ വ്യക്തിയാണ്. കളിക്കാരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ഒരു സ്‌ക്വാഡ് എങ്ങനെ നിര്‍മിക്കാമെന്നും അവനറിയാം. ലേല പ്രക്രിയയില്‍ അവന്‍ മിടുക്കനാണ്. എന്നാല്‍ ദേശീയ ടീമിനായി ലേലം നടക്കില്ല. ഗൗതം ഗംഭീര്‍ ശക്തമായ വ്യക്തിത്വമാണ്,’ ചോപ്ര പറഞ്ഞു.

‘ഒരു പരിവര്‍ത്തന ഘട്ടമുണ്ടാകുമ്പോള്‍, ടീമിനെ നയിക്കാന്‍ ഒരു പുതിയ ക്യാപ്റ്റന്‍ വരുന്നു, അപ്പോള്‍ ഗംഭീറാണ് ഏറ്റവും മികച്ച തിരഞ്ഞെടുപ്പ്. എന്നിരുന്നാലും, ടീമില്‍ സീനിയര്‍ താരങ്ങളുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. കര്‍ക്കശക്കാരനായ പിതാവിനെപ്പോലെയാണ് അദ്ദേഹം, കുട്ടികള്‍ ജാഗ്രത പാലിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Akash Chopra Talking About Goutham Gambhir

We use cookies to give you the best possible experience. Learn more