2024 ഐ.പി.എല്ലിന്റെ പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇതുവരെ നാലു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും മൂന്നു തോല്‍വിയും മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്. കളിച്ച മത്സരങ്ങളില്‍ എല്ലാം ആര്‍.സി.ബിക്ക് വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് മുതല്‍ക്കൂട്ട് ആയത്.
എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷ നല്‍കിയ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ് വെല്‍ വമ്പന്‍ നിരാശയാണ് സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തില്‍ എല്‍.എസ്.ജിയോട് പൂജ്യത്തിനാണ് താരം പുറത്തായത്. അതിനുമുമ്പ് കൊല്‍ക്കത്തയോട് 28 റണ്‍സും പഞ്ചാബിനോട് മൂന്ന് റണ്‍സും ചെന്നൈയോട് പൂജ്യവുമാണ് താരം നേടിയത്.
ഇതോടെ ആര്‍.സി.ബി പ്ലെയിങ് ഇലവനില്‍ നിന്നും മാക്‌സിനെ പുറത്താക്കണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.
‘വില്‍ ജാക്‌സ് പ്ലെയിങ് ഇലവന്റെ ഭാഗമാകും എന്ന് കരുതുന്നു. അടുത്ത മത്സരത്തില്‍ അവന്‍ മാക്‌സ് വെല്ലിന് പകരക്കാരനാകുമെന്ന് കരുതുന്നു. വില്‍ ജാക്‌സ് ഓപ്പണര്‍ ആയതിനാല്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെ ഇത് സമ്മര്‍ദത്തിലാക്കാം. അതുകൊണ്ട് അവന് എപ്പോഴാണ് കളിക്കാനുള്ള അവസരം കിട്ടുമെന്നത് രസകരമായിരിക്കും,
ടൂര്‍ണമെന്റിനു മുമ്പുള്ള ജാക്‌സന്റ അവിശ്വസിനീയമായ ഫോം കണക്കിലെടുത്ത് ആദ്യ ഇലവനില്‍ തന്നെ അവനെ നിലനിര്‍ത്തണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ബാറ്റുമായും ബോളുമായും മികച്ച ബന്ധത്തിലാണ് അദ്ദേഹം. അതിനാല്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കരുത്,’ ആകാശ് ചോപ്ര പറഞ്ഞു.
ഇതോടെ ഏപ്രില്‍ ആറിന് രാജസ്ഥാനോടുള്ള മത്സരത്തില്‍ നിന്നും എന്തു മാറ്റം വരുത്തിയാകും ആര്‍.സി. ബി ഇറങ്ങുന്നതെന്ന് അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയാണ്. നിര്‍ണായക മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാനോട് ഏറ്റുമുട്ടുമ്പോള്‍ വിജയം ആരുടെ ഭാഗത്താണെന്ന പ്രവചിക്കാന്‍ കഴിയില്ല.