മെല്‍ബണില്‍ നടന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ 184 റണ്‍സിന് പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും നിര്‍ണായക മത്സരം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് നടക്കാനിരിക്കുന്നത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍വെച്ചാണ് മത്സരം നടക്കുക. നിലവില്‍ 2-1ന് ഓസ്‌ട്രേലിയയാണ് പരമ്പരയില്‍ മുന്നില്‍.
മെല്‍ബണിലെ പരാജയത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പരിശീലകന്‍ ഗൗതം ഗംഭീര്‍ ദേഷ്യപ്പെട്ടെന്നും സ്റ്റാര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയെ ടീമില്‍ തിരിച്ചെടുക്കണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഡ്രസ്സിങ് റൂമില്‍ മാത്രം നടക്കുന്ന കാര്യങ്ങള്‍ ചോര്‍ത്തുന്നത് ഏത് കളിക്കാരനായാലും കര്‍ശന നടപടി എടുക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നരീക്ഷകനുമായ ആകാശ് ചോപ്ര. മാത്രമല്ല ടീമിലെ ജൂനിയര്‍ താരങ്ങള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്യില്ലെന്നും തീര്‍ച്ചയായും ഒരു സീനിയര്‍ താരം ഇതിന് പിന്നിലുണ്ടെന്നാണ് ചോപ്ര പറഞ്ഞത്.
‘റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അത് ഞെട്ടിക്കുന്നതാണ്, കളിക്കാരെ ഭിന്നിപ്പിക്കാന്‍ ഇത് മതി. ജൂനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അതിന് സാധിക്കാത്തതിനാല്‍ ഒരു സീനിയര്‍ കളിക്കാരനാണ് ഇതിന് പിന്നിലെന്ന് എനിക്ക് ഉറപ്പുണ്ട്. അവര്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. ടീമിലെ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താം. ആരാണ് കുറ്റക്കാരന്‍ എന്ന് കണ്ടെത്തേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു. ഇയാള്‍ക്കെതിരെ നടപടിയെടുക്കണം, നാണംകെടുത്തണം,’ ആകാശ് ചോപ്ര പറഞ്ഞു.
ആറ് മാസം മുമ്പാണ് ദ്രാവിഡില്‍ നിന്നും പരിശീലക സ്ഥാനം ഗംഭീര്‍ ഏറ്റെടുക്കുന്നത്. ശേഷം ശ്രീലങ്കയോടും ഹോം ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡിനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. രാഹുല്‍ ദ്രാവിഡിന് ശേഷം പരിശീലകസ്ഥാനമേറ്റ മുന്‍ താരം ഗൗതം ഗംഭീറിനും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
നിലവിലെ പരാജയങ്ങള്‍ ഇന്ത്യന്‍ ടീമിനെ വലിയ രീതിയില്‍ സമ്മര്‍ദത്തിലാക്കുമ്പോളാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉടലെടുക്കുന്നത്. എന്നരുന്നാലും ഇന്ത്യ സിഡ്‌നിയില്‍ വിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Akash Chopra Talking About Dressing Room Issue Of Indian Team