| Sunday, 5th December 2021, 5:02 pm

അവരുടേത് തീര്‍ത്തും ശരിയായ തീരുമാനം; കോഹ്‌ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്റിനെ ഫോളോ ഓണിന് അയക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം ശരിവെച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘അവരുടേത് ശരിയായ തീരുമാനമാണ്. കളി കഴിഞ്ഞ് നേരത്തെ വീട്ടില്‍ പോകാന്‍ ആഗ്രഹിച്ചവരെ തീര്‍ച്ചയായും വിഷമിപ്പിച്ചിരിക്കാം. അതുകൊണ്ടുതന്നെ, 263 റണ്‍സിന്റെ ലീഡ് ഉണ്ടാകുമ്പോള്‍ ഫോളോ ഓണിന് പോകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ഫോളോ ഓണ്‍ നല്‍കിയിരുന്നെങ്കില്‍ നമുക്ക് എളുപ്പം ജയിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഒരു ടീം എന്ന നിലയില്‍ അവര്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ സാധിക്കില്ല,’ ആകാശ് ചോപ്ര പറഞ്ഞു.

കേവലം 28 ഓവറുകളില്‍ ന്യൂസിലാന്റിനെ പുറത്താക്കിയ കോഹ്‌ലിക്ക് ബൗളിംഗ് തെരഞ്ഞെടുക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു, ബോളര്‍മാര്‍ എല്ലാരും ത്‌ന്നെ ഫ്രഷ് ആയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോം ഇല്ലാതെ വലയുന്ന കോഹ്‌ലിക്കും പൂജാരയ്ക്കും തങ്ങളുടെ ഫോം വീണ്ടെടുക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നും ശ്രേയസ് അയ്യര്‍ക്കും സ്‌കോര്‍ ചെയ്യാന്‍ നല്ല അവസരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ ഇന്നിംഗ്‌സില്‍ 325 റണ്‍സ് നേടിയ ഇന്ത്യ, ന്യൂസിലാന്റിനെ 62 എന്ന ദുര്‍ബലമായ സ്‌കോറില്‍ ഓള്‍ ഔട്ടാക്കി 263 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ കിവികളെ ഫോളോ ഓണിന് അയക്കാതെ ബാറ്റിംഗ് തുടരാനായിരുന്നു ഇന്ത്യ തീരുമാനിച്ചത്.

രണ്ടാം ഇന്നിംഗ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 276ന് 7 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 34.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടിയിട്ടുണ്ട്.

കളി അവസാനം 2 ദിവസം ബാക്കി നില്‍ക്കെ ന്യൂസിലാന്റിന് വിജയിക്കാന്‍ 419 റണ്‍സ് കൂടിയാണ് ആവശ്യമുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Akash Chopra supports the decision to not allow New Zealand to follow on

We use cookies to give you the best possible experience. Learn more