| Friday, 30th September 2022, 11:56 am

നീയോക്കെ എന്തറിഞ്ഞിട്ടാണ് സംസാരിക്കുന്നത്, അയാള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ തോറ്റിരിക്കാമായിരുന്നു; സൂപ്പര്‍താരത്തെ പിന്തുണച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ലോ സ്‌കോറിങ് മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ദക്ഷിണാഫ്രിക്ക 108 റണ്‍സായിരുന്നു നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും പെട്ടെന്ന് മടങ്ങിയ മത്സരത്തില്‍ കെ.എല്‍. രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (50) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

33 പന്ത് നേരിട്ട് ആഞ്ഞടിച്ചാണ് സൂര്യ കളിച്ചതെങ്കില്‍ പതിഞ്ഞ താളത്തിലായിരുന്നു രാഹുല്‍ ഇന്നിങ്സ് കെട്ടിപ്പൊക്കിയത്. 56 പന്ത് നേരിട്ടാണ് അദ്ദേഹം 51 റണ്‍സ് നേടിയത്.

ഒരു ഘട്ടത്തില്‍ 22 പന്തില്‍ 11 റണ്‍സായിരുന്നു രാഹുലിന്റെ സ്‌കോര്‍. പേസും ബൗണ്‍സും ആവശ്യത്തിലേറെയുണ്ടായിരുന്ന പിച്ചില്‍ ന്യൂബോള്‍ സര്‍വൈവ് ചെയ്യാന്‍ രാഹുല്‍ പാടുപ്പെട്ടിരുന്നു. എന്നാല്‍ മത്സരം അവസാന ഘട്ടത്തിലേക്ക് നീങ്ങിയപ്പോള്‍ അദ്ദേഹം താളം കണ്ടെത്തുകയായിരുന്നു.

ഒരുപാട് ട്രോളുകള്‍ രാഹുലിന് നേരെ മത്സരത്തിന് ശേഷം വന്നിരുന്നു. അദ്ദേഹത്തിന്റെ മെല്ലെപ്പോക്ക് ഇന്ത്യക്ക് പണി കൊടുക്കുമെന്നും ലോകകപ്പില്‍ ഇറക്കരുത് എന്നുമൊക്കെ വാദിക്കുന്നവരുണ്ട്. എന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ചാണ് അദ്ദേഹം ബാറ്റ് ചെയ്തതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്ററും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

എന്തിനാണ് ഇത്രയും വിമര്‍ശനം രാഹുലിന് മേല്‍ ആരോപിക്കുന്നതെന്നും ചില സമയങ്ങളില്‍ പതിയെ ഇന്നിങ്‌സ് കളിക്കാനും ഗട്ട്‌സ് വേണമെന്നും ചോപ്ര പറഞ്ഞു.

‘രാഹുലിന്റെ ഇന്നിങ്‌സിന് ശേഷം ഒരുപാട് പേര്‍ പൊട്ടിതെറിച്ചിരുന്നു, എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങള്‍ 107 മാത്രം പിന്തുടരുകയാണെങ്കില്‍, സാഹചര്യങ്ങള്‍ ബുദ്ധിമുട്ടാണെങ്കില്‍, ബാറ്റര്‍ എന്തിനാണ് അടിക്കാന്‍ നോക്കുന്നത്? പതിയെ റണ്‍സ് നേടിയാലും കുഴപ്പമില്ല, അത് ആവശ്യമാണ്. അങ്ങനെ കളിക്കാനും ഗട്ട്‌സ് വേണം,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

‘അവന്‍ പന്ത് അടിച്ചുതുടങ്ങാന്‍ തീരുമാനിക്കുകയും സെറ്റില്‍ ചെയ്യുന്നതിനുപകരം പുറത്താകുകയും ചെയ്തിരുന്നെങ്കില്‍, അത് നിരുത്തരവാദപരമാകുമായിരുന്നു. അവന്‍ നന്നായി ബാറ്റ് ചെയ്തു, എന്റെ അഭിപ്രായത്തില്‍ രാഹുല്‍ സാഹചര്യങ്ങള്‍ മാനിക്കുകയും അതിനനുസരിച്ച് കളിക്കുകയും ചെയ്തു. അതിനാല്‍ ദയവായി അവന് കുറച്ച് സമാധാനം നല്‍കുക,’ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Content Highlight: Akash Chopra supports KL Rahul and slams Criticizers

We use cookies to give you the best possible experience. Learn more