രോഹിത് ശര്‍മയെ പുറത്തിരുത്താന്‍ സാധിക്കുമോ? അവന് വേണമെങ്കില്‍ മറ്റൊരു കാര്യം ചെയ്യാം; തുറന്നടിച്ച് ചോപ്ര
Sports News
രോഹിത് ശര്‍മയെ പുറത്തിരുത്താന്‍ സാധിക്കുമോ? അവന് വേണമെങ്കില്‍ മറ്റൊരു കാര്യം ചെയ്യാം; തുറന്നടിച്ച് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th December 2024, 7:53 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.

കെ.എല്‍. രാഹുലിനെയും യശസ്വി ജെയ്‌സ്വാളിനെയും ഓപ്പണിങ് സ്ഥാനത്ത് നിലനിര്‍ത്തി രോഹിത്തിന് മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ സാധിക്കുമെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്. നിലവില്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന ശുഭ്മന്‍ ഗില്ലിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറക്കാന്‍ സാധിക്കുമെന്നും ചോപ്ര അഭിപ്രായപ്പെടുന്നു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇക്കാര്യം പറയുന്നത്.

‘അങ്ങനെയൊന്ന് സംഭവിക്കാന്‍ പോകുന്നില്ല, അത് സംഭവിക്കാനും പാടില്ല. ഏഷ്യയ്ക്ക് പുറത്ത് ഒരു 40+ സ്‌കോര്‍ കണ്ടെത്താന്‍ 16 ഇന്നിങ്‌സുകളായി സാധിക്കുന്നില്ല എന്ന് ഞാന്‍ മനസിലാക്കുന്നു. അവനില്‍ നിങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷയുണ്ടാകും, അവന്‍ റണ്‍സ് സ്‌കോര്‍ ചെയ്യണമെന്ന് ആഗ്രഹിക്കും. എന്നാല്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും.

എന്നിരുന്നാലും അവന്റെ സ്ഥാനത്തിന് മാറ്റമുണ്ടാകുമോ, ഇല്ല. നിങ്ങള്‍ക്ക് രോഹിത് ശര്‍മയെ പുറത്തിരുത്താന്‍ സാധിക്കുമോ? ക്യാപ്റ്റനെ കുറിച്ച് ആരെങ്കിലും അങ്ങനെ സംസാരിക്കുമോ?

എന്നാല്‍ രോഹിത്തിന് ഇങ്ങനെ ചിന്തിക്കാം, അവനാഗ്രഹമുണ്ടെങ്കില്‍ ശുഭ്മന്‍ ഗില്ലിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറക്കി മൂന്നാം നമ്പറില്‍ കളിക്കാന്‍ ഇറങ്ങാം,’ ആകാശ് ചോപ്ര പറഞ്ഞു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ തന്റെ ഏറ്റവും മോശം സമയങ്ങളിലൊന്നിലൂടെയാണ് രോഹിത് കടന്നുപോകുന്നത്. റണ്‍സ് നേടാന്‍ പാടുപെടുന്ന ഹിറ്റ്മാനെയാണ് ആരാധകര്‍ കാണുന്നത്. ഇത് കേവലം എവേ ഗ്രൗണ്ടില്‍ മാത്രമല്ല, ഇന്ത്യന്‍ സാഹചര്യങ്ങളിലും രോഹിത് ആരാധകരെ പാടെ നിരാശപ്പെടുത്തിയിരുന്നു.

ഒടുവില്‍ കളിച്ച 13 ഇന്നിങ്സില്‍ നിന്നും 152 റണ്‍സ് മാത്രമാണ് രോഹിത്തിന് കണ്ടെത്താന്‍ സാധിച്ചത്. ശരാശരിയാകട്ടെ വെറും 11.83ഉം.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ബാറ്റ് ചെയ്ത മൂന്ന് ഇന്നിങ്‌സില്‍ നിന്നും ഏഴില്‍ താഴെ ശരാശരിയില്‍ 19 റണ്‍സ് മാത്രമാണ് രോഹിത്തിന് കണ്ടെത്താന്‍ സാധിച്ചത്.

ബി.ജി.ടിയില്‍ സ്‌കോര്‍ ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നുവെന്നും രോഹിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗാബ ടെസ്റ്റിന് ശേം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

‘ഞാന്‍ മികച്ച രീതിയിലല്ല ബാറ്റ് ചെയ്തത്. ഇത് അംഗീകരിക്കാന്‍ ഒരു മടിയുമില്ല. എന്നാല്‍ എന്റെ മനസിലെന്താണ് എന്നതിനെ കുറിച്ചും എപ്രകാരമാണ് അതിനായി തയ്യാറെടുക്കുന്നത് എന്നതിനെ സംബന്ധിച്ചും എനിക്ക് ധാരണയുണ്ട്. ക്രീസില്‍ എത്രത്തോളം സമയം ചെലവഴിക്കാന്‍ സാധിക്കുമോ, അത്രയും നേരം അവിടെ തുടരുക എന്നതാണ് അത്.

എന്റെ മനസും ശരീരവും കാലുകളും മികച്ച രീതിയില്‍ ചലിക്കുന്നിടത്തോളം കാലം, എനിക്കായി കാര്യങ്ങള്‍ എപ്രകാരം പ്ലാന്‍ ചെയ്യുന്നു എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.

കുറച്ചുകാലമായി എനിക്ക് കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് കണക്കുകള്‍ പറയുന്നുണ്ട്. എന്നാല്‍ എന്നെപ്പോലെ ഒരാള്‍ക്ക്, തന്നെക്കുറിച്ച് സ്വയം എന്ത് തോന്നുന്നു എന്നതിനെ കുറിച്ചാണ് പ്രധാനം. എന്നെ കുറിച്ച് സ്വയം നല്ലതാണെന്ന ബോധ്യം എനിക്കുണ്ട്. ശരിയാണ്, റണ്‍സുകളൊന്നും നേടാന്‍ സാധിക്കുന്നില്ല, എന്നാല്‍ ഉള്ളില്‍ മറ്റൊരു വികാരമാണ്,’ രോഹിത് പറഞ്ഞു.

 

Content highlight: Akash Chopra suggests Rohit Sharma to change in India’s batting order for 4th test