| Saturday, 26th November 2022, 9:27 pm

ഓരോ ക്യാപ്റ്റന്‍മാരും രാജ്യത്തിന് വേണ്ടി കളിക്കുന്നു, പക്ഷേ രോഹിത് ശര്‍മയെവിടെ? ഇന്ത്യന്‍ നായകനെതിരെ ആഞ്ഞടിച്ച് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലടക്കം കളിക്കാതെ മാറി നില്‍ക്കുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയുടെ സ്ഥിരം ഓള്‍ ഫോര്‍മാറ്റ് നായകസ്ഥാനമേറ്റെടുത്തതിന് ശേഷം തുടർച്ചയായി പരമ്പരകള്‍ കളിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നില്ല. പല സീരീസുകളിലും താരത്തിന് വിശ്രമം അനുവദിച്ചിരുന്നു.

രോഹിത് അടക്കമുള്ള സീനിയര്‍ താരങ്ങളെ നിരന്തരം വിശ്രമിക്കാന്‍ അനുവദിച്ചത് ഏഷ്യാ കപ്പിലും ലോകകപ്പിലും തിരിച്ചടിയായെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

രോഹിത് ശര്‍മ ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് ശേഷം ഇന്ത്യ ഏഴ് പരമ്പരകള്‍ കളിച്ചപ്പോള്‍ താരം രണ്ടെണ്ണത്തില്‍ മാത്രമാണ് കളിച്ചത്. ശിഖര്‍ ധവാനായിരുന്നു പകരക്കാരനായി ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തത്.

അടുത്ത വര്‍ഷം ഏകദിന ലോകകപ്പും നടക്കാനിരിക്കെ ഏകദിന പരമ്പരകളില്‍ രോഹിത് ശര്‍മ കളിക്കാത്തത് വ്യാപക വിമര്‍ശനങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.

രോഹിത് ശര്‍മ ഏകദിന ഫോര്‍മാറ്റില്‍ കളിക്കാത്തതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആകാശ് ചോപ്ര. മറ്റ് ടീമിന്റെ ക്യാപ്റ്റന്‍മാര്‍ ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോള്‍ രോഹിത് ശര്‍മ എന്ത് ചെയ്യുകയാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.

‘പാറ്റ് കമ്മിന്‍സ്, ജോസ് ബട്‌ലര്‍, ദാസുന്‍ ഷണക തുടങ്ങി എല്ലാവരും അവരുടെ ടീമിനെ നയിക്കുകയാണ്. എന്നാല്‍ രോഹിത് ശര്‍മ എവിടെ? ഇത് പ്രധാനപ്പെട്ട ഒരു ചോദ്യം തന്നെയാണ്. എന്തുകൊണ്ടാണ് ഇന്ത്യ ക്യാപ്റ്റനെ മാറ്റിക്കൊണ്ടിരിക്കുന്നത്,’ ചോപ്ര ചോദിക്കുന്നു.

വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങളും സ്ഥിരമായി അന്താരാഷ്ട്ര സീരീസുകളില്‍ വിശ്രമം എടുക്കുന്നവരാണ്. ഇങ്ങനെ ചെയ്യുന്നത് ടീമിന്റെ കണ്ടിന്യൂവിറ്റിയെ ബാധിക്കുമെന്നും ചോപ്ര പറയുന്നു.

‘ക്യാപ്റ്റനും കോച്ചുമാണ് ടീമിനെ കെട്ടിപ്പടുക്കേണ്ടത്. അവര്‍ താരങ്ങള്‍ക്കൊപ്പം എല്ലായ്‌പ്പോഴും ഉണ്ടാകണം. ഇപ്പോള്‍ ന്യൂസിലാന്‍ഡിനെ നയിക്കുന്നത് ഒരു പുതിയ ക്യാപ്റ്റനാണ്, അടുത്ത സീരീസില്‍ ബംഗ്ലാദേശിനെ നേരിടാനും നിങ്ങള്‍ക്ക് ഒരു പുതിയ ക്യാപ്റ്റന്‍ ഉണ്ടാകും. ഓപ്പണര്‍മാരും മാറിക്കൊണ്ടിരിക്കും. നിങ്ങളുടെ കോര്‍ ഗ്രൂപ്പ് എവിടെ? ഇതൊന്നും അത്ര നല്ല ലക്ഷണമല്ല,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം, ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം മത്സരത്തിന് ഞായറാഴ്ച ഇന്ത്യ കളത്തിലിറങ്ങുകയാണ്. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് പരമ്പര സജീവമാക്കി നിര്‍ത്താന്‍ വിജയം അനിവാര്യമാണ്.

Content Highlight: Akash Chopra slams Rohit Sharma

We use cookies to give you the best possible experience. Learn more