| Sunday, 30th July 2023, 10:15 pm

അവനെ ആരേലും നാലാം നമ്പറില്‍ ഇറക്കുവോ; ഇന്ത്യന്‍ ടീമിനെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയെ വിന്‍ഡീസ് ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് വീശിയ ഇന്ത്യ 181 റണ്‍സ് നേടി എല്ലാവരും പുറത്തായപ്പോള്‍ വിന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 37ാം ഓവറില്‍ മത്സരം കയ്യിലൊതുക്കുകയായിരുന്നു. വിന്‍ഡീസിനായി 63 റണ്‍സ് നേടിയ ഷായ് ഹോപ്പാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയൊന്നുമില്ലാതെയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലായിരുന്നു ഇന്ത്യക്കായി നാലാം നമ്പറില്‍ ഇറങ്ങിയത്.

ഇതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്ററും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ശ്രേയസ് അയ്യരെയും കെ. എല്‍. രാഹുലിനെയും പോലുള്ളവര്‍ ടീമില്‍ തിരിച്ചെത്തിയാല്‍ അക്സര്‍ നാലില്‍ ബാറ്റ് ചെയ്യില്ലെന്ന് ഉറപ്പുള്ളപ്പോള്‍ ഇതിന് പിന്നിലെ ലോജിക്ക് അദ്ദേഹം ചോദ്യം ചെയ്തു.

‘അക്ഷര്‍ പട്ടേലിനെ ഇവിടെ നാലാം നമ്പറില്‍ അയച്ചു എങ്ങനെ, എന്തുകൊണ്ട്, എപ്പോള്‍, എവിടെ? എനിക്ക് അക്‌സറിനോട് വളരെയധികം ബഹുമാനവും ആരാധനയും ഉണ്ട്, എന്നാല്‍ അക്‌സര്‍ ഒരിക്കലും നാലാം നമ്പറില്‍ കളിക്കാന്‍ പോകുന്നില്ല. ലോകകപ്പ് അല്ലെങ്കില്‍ ഏഷ്യാ കപ്പ് വീക്ഷണകോണില്‍ നിന്ന് ഇന്ത്യക്ക് വേണ്ടി നാലാം നമ്പറില്‍ കളിക്കാനുള്ള അദ്ദേഹത്തിന്റെ സാധ്യത എന്താണ്? 50 ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം അവിടെ കളിക്കുന്നത് ഞാന്‍ കാണുന്നില്ല,’ ചോപ്ര പറഞ്ഞു.

ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷനുമായി ഓപ്പണ്‍ ചെയ്യാന്‍ ഇന്ത്യ തയ്യാറല്ലാത്തപ്പോള്‍, എന്തിനാണ് അക്‌സറിനെ നാലാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്തതെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ചോദിച്ചു.

‘എനിക്ക് മറ്റൊരു ചോദ്യമുണ്ട് – ഇത് ന്യായമാണോ? രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണ്‍ ചെയ്യും, വിരാട് കോഹ്ലി മൂന്നാം നമ്പറില്‍ കളിക്കും, മൂവരും വലംകൈയ്യന്‍മാരാണ്. നിങ്ങള്‍ക്ക് ഒരു ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ ഇത്രയധികം വേണമെങ്കില്‍, അവരില്‍ ഒരാളെ താഴെ ഇറക്കി നിങ്ങള്‍ ഇടംകൈ ബാറ്ററെ കളിപ്പിക്കുമോ? അത് സംഭവിക്കാന്‍ പോകുന്നില്ല – അപ്പോള്‍ നാലാം നമ്പറില്‍ അക്‌സര്‍ പട്ടേല്‍ എന്താണ് ചെയ്യുന്നത്?,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ ഒമ്പത് തോല്‍വികള്‍ക്ക് ശേഷം ഇന്ത്യക്കെതിരായ ഏകദിനത്തില്‍ വിന്‍ഡീസിന്റെ ആദ്യ വിജയമാണിത്. 2019 ഡിസംബറിന് ശേഷമുള്ള അവരുടെ ആദ്യ വിജയമാണിത്. ലോകകപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനമായിരുന്നു ഇത്. ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ് മികച്ച തിരിച്ചുവരവാണ് രണ്ടാം മത്സരത്തില്‍ നടത്തിയത്.

Content Highlight: Akash Chopra Slams Indian Cricket team For Batting Axar Patel At Number 4

We use cookies to give you the best possible experience. Learn more