| Thursday, 7th July 2022, 9:48 am

രണ്ട് പേര്‍ മാത്രം കളിച്ചാല്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കാന്‍ സാധിക്കില്ല എന്ന് ഇന്ത്യന്‍ ടീം മനസില്ലാക്കണം; ഇന്ത്യക്കെതിരെ വിമര്‍ശനവുമായി മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീം തോറ്റിരുന്നു. മികച്ച ഫസ്റ്റ് ഇന്നിങ്‌സ് ലീഡുണ്ടായിട്ടും ലാസ്റ്റ് ഇന്നിങ്‌സില്‍ പൊരുതാന്‍ പോലും സാധിക്കാതെ തോല്‍ക്കുകയായിരുന്നു ഇന്ത്യ.

378 എന്ന വലിയ ടാര്‍ഗറ്റ് ഇംഗ്ലണ്ടിന് മുമ്പില്‍ വെച്ചിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും മൂന്ന് വിക്കറ്റാണ് ഇന്ത്യ നേടിയത്. സെഞ്ച്വറി നേടിയ ജോണി ബോയര്‍സ്‌റ്റോ, ജോ റൂട്ട് എന്നീ ബാറ്റര്‍മാര്‍ക്കെതിരെ ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ ഇന്ത്യന്‍ ബൗളിങ്ങിന് സാധിച്ചില്ല.

ഇന്ത്യന്‍ ബൗളിങ്ങിന്റെ പിടിപ്പുകേടാണ് മത്സരം തോല്‍പ്പിച്ചതെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയുടെ അഭിപ്രായം. മികച്ച ബൗളിങ്ങ് നിരയുണ്ടായിട്ടും സന്ദര്‍ഭത്തിനനുസരിച്ചുയരാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ക്കുണ്ടായിരുന്ന ബൗളര്‍മാര്‍ക്ക് 378 ഡിഫന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ടോട്ടലായിരുന്നു. ഈ ബൗളിങ് ആക്രമണം നിബന്ധനകളോടെയല്ലായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അല്ലെങ്കില്‍ മറ്റേതെങ്കിലും വിദേശ രാജ്യത്തിലോ കളിക്കുമ്പോഴെല്ലാം അവര്‍ നന്നായി പന്തെറിയുന്നുണ്ടായിരുന്നു,’ ചോപ്ര പറഞ്ഞു.

ഇന്ത്യന്‍ ബൗളിങ് നിര രണ്ട് പേരില്‍ മാത്രം ഒതുങ്ങി പോയെന്നും അദ്ദേഹം പറഞ്ഞു. ജസ്പ്രിത് ബുംറയും ഷമിയുമൊഴികെ മറ്റാരും കൊള്ളാവുന്ന പ്രകടനം നടത്തിയില്ലായെന്ന് അദ്ദേഹം വിമര്‍ശിച്ചു.

‘ഞങ്ങളുടെ ബൗളിങ് ആക്രമണത്തിലെ ഒരു പോരായ്മ ഷമിയെയും ബുംറയെയും അമിതമായി ആശ്രയിക്കുന്നതാണ്. അവര്‍ക്ക് മറ്റ് പേസര്‍മാരില്‍ നിന്നും രവീന്ദ്ര ജഡേജയില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ല. ഇത് രണ്ട് പേസര്‍മാരുടെ മാത്രം ആക്രമണമായി മാറി,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഇന്നിങ്‌സില്‍ ബുംറ മാത്രമാണ് ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് നേടിയത്. ആകെ വീഴ്ത്തിയ മൂന്ന് വിക്കറ്റില്‍ ഒരു വിക്കറ്റ് റണ്ണൗട്ടായിരുന്നു.

Content Highlights: Akash Chopra slams Indian Bowling attack

We use cookies to give you the best possible experience. Learn more