ഐ.സി.സി പുരസ്‌കാരവേദികളില്‍ സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ അവഗണിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ഐ.സി.സി ടി-20 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിട്ടും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിട്ടും ഐ.സി.സി ടി-20 ടീം ഓഫ് ദി ഇയറിലും ഐ.സി.സി ടെസ്റ്റ് ടീം ഓഫ് ദി ഇയറിലും ഒറ്റ സൗത്ത് ആഫ്രിക്കന്‍ താരങ്ങളും ഉള്‍പ്പെട്ടിട്ടില്ലെന്നും ചോപ്ര കുറ്റപ്പെടുത്തി.
ആകാശ് ചോപ്ര.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് പുറമെ അവര്‍ ഈ വര്‍ഷത്തെ മികച്ച ടീമുകളെയും പ്രഖ്യാപിച്ചിരുന്നു. ടി-20ഐ ടീം ഓഫ് ദി ഇയറില്‍ നാല് ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഇടം നേടിയിട്ടുണ്ട്. ഇതിലെന്തെങ്കിലും അര്‍ത്ഥമുണ്ടെന്ന് കരുതാം.
രസകരമായ കാര്യമെന്തെന്നാല്‍ ഇതില്‍ ഒരു സൗത്ത് ആഫ്രിക്കന്‍ താരം പോലുമില്ല. അവര്‍ ഞങ്ങള്‍ക്കെതിരെ ഫൈനലില്‍ പരാജയപ്പെട്ടവരാണ്, എന്നിട്ടും ഐ.സി.സി ഒറ്റ സൗത്ത് ആഫ്രിക്കന്‍ താരത്തെ പോലും ടീമിന്റെ ഭാഗമാക്കിയില്ല.
ടെസ്റ്റ് ടീം ഓഫ് ദി ഇയര്‍ പരിശോധിക്കുമ്പോള്‍ യശസ്വി ജെയ്‌സ്വാള്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരുടെ പേരുകള്‍ കാണാന്‍ സാധിക്കും. അത് വളരെ മികച്ചതാണ്. എന്നാല്‍ ഇവിടെയും ഒറ്റ സൗത്ത് ആഫ്രിക്കന്‍ താരം പോലുമില്ല. അവര്‍ ടി-20 ലോകകപ്പ് ഫൈനലിലുണ്ടായിരുന്നവരാണ്, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇടം നേടിയിട്ടുണ്ട്,’ ആകാശ് ചോപ്ര വിമര്‍ശിച്ചു.
ഐ.സി.സിയുടെ ഏകദിന ടീമിനെതിരെയും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. ഇന്ത്യയടക്കമുള്ള മിക്ക ടീമുകളും വളരെ കുറച്ച് മാത്രം ഏകദിന മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയ ചോപ്ര ഐ.സി.സി ഒ.ഡി.ഐ ടീമിന്റെ പ്രസക്തിയും ചോദ്യം ചെയ്തു.
‘ഏകദിന ടീം എന്നത് ഏഷ്യ ഇലവനെ പോലെയാണ് തോന്നുന്നത്. നിങ്ങള്‍ ഒരു താരത്തെ (ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്) മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാവരും ഏഷ്യന്‍ താരങ്ങളാണ്,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
യശസ്വി ജെയ്സ്വാള്‍, ബെന്‍ ഡക്കറ്റ്. കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്. കാമിന്ദു മെന്‍ഡിസ്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മാറ്റ് ഹെന്‌റി, ജസ്പ്രീത് ബുംറ.
സയീം അയ്യൂബ്, റഹ്‌മാനുള്ള ഗുര്‍ബാസ്, പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, അസ്മത്തുള്ള ഒമര്‍സായ്, വാനിന്ദു ഹസരങ്ക, ഷഹീന്‍ ഷാ അഫ്രിദി, ഹാരിസ് റൗഫ്, അള്ളാ ഘന്‍സഫര്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ഫില്‍ സാള്‍ട്ട്, ബാബര്‍ അസം, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), സിക്കന്ദര്‍ റാസ, ഹര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, വാനിന്ദു ഹസരങ്ക, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.
Content Highlight: Akash Chopra slams ICC for excluding South African players in ICC T20I and Test Team Of The Year