കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം അവസാനത്തോടടുക്കുമ്പോള്‍ നിരവധി വിവാദങ്ങളാണ് പിറവിയെടുത്തത്. രാജസ്ഥാന്‍ റോയല്‍സിന് വിജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ യശസ്വി ജെയ്‌സ്വാള്‍ സെഞ്ച്വറി നേടുന്നത് തടയാനായി നൈറ്റ് റൈഡേഴ്‌സിന്റെ റിസ്റ്റ് സ്പിന്നര്‍ സുയാഷ് ശര്‍മ മനപ്പൂര്‍വം വൈഡ് എറിയാന്‍ ശ്രമിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
സുയാഷ് വൈഡ് എറിയാന്‍ ശ്രമിക്കുന്നത് കണ്ട സഞ്ജു സാംസണ്‍ അത് ഡിഫന്‍ഡ് ചെയ്യുകയും ജെയ്‌സ്വാളിന് സെഞ്ച്വറിയടിക്കാനുള്ള വഴിയൊരുക്കുകയുമായിരുന്നു.
ജെയ്‌സ്വാള്‍ 94ല്‍ നില്‍ക്കവെയായിരുന്നു സുയാഷ് ഈ വൈഡ് എറിയാന്‍ ശ്രമിച്ചത്. ഇത് ഡിഫന്‍ഡ് ചെയ്ത സഞ്ജു ബൗളറെ നോക്കി പുഞ്ചിരിക്കുകയും അടുത്ത ഓവറില്‍ സിക്‌സറടിച്ച് കളി ഫിനിഷ് ചെയ്യാന്‍ ജെയ്‌സ്വാളിനോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ സുയാഷ് ബൗണ്ടറിയടിച്ച് രാജസ്ഥാന്‍ റോയല്‍സിനെ വിജയിപ്പിച്ചിരുന്നു. സെഞ്ച്വറി നഷ്ടമായതിനെ കുറിച്ചൊന്നും ചിന്തിക്കാതെ ടീമിന്റെ വിജയമായിരുന്നു ജെയ്‌സ്വാള്‍ ആഘോഷിച്ചത്.
സുയാഷിന്റെ പ്രവര്‍ത്തിയില്‍ സഞ്ജു അദ്ദേഹത്തെ നോക്കി പുഞ്ചിരിക്കുകയായിരുന്നു ചെയ്തതെങ്കില്‍ ആരാധകര്‍ അത് സീരിയസായി തന്നെ എടുത്തിരുന്നു. സുയാഷും കൊല്‍ക്കത്ത ടീം ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേരാത്ത സമീപനമാണ് കൈക്കൊണ്ടതെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.
വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആകാശ് ചോപ്രയും രംഗത്തെത്തിയിരുന്നു. pANDA എന്ന ട്വിറ്റര്‍ യൂസറിന്റെ ട്വീറ്റിന് കമന്റുമായാണ് ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
മറ്റുള്ളവരുടെ റെക്കോഡിനെ കുറിച്ച് നമ്മളെന്തിന് ചിന്തിക്കണമെന്നും അതിന് വേണ്ടി മനപ്പൂര്‍വം വൈഡ് എറിയുന്നതില്‍ ഒരു തെറ്റുമില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതിനായിരുന്നു ചോപ്ര മറുപടി നല്‍കിയത്.
‘മനപ്പൂര്‍വം വൈഡ് എറിയുന്നതില്‍ ഒരു തെറ്റുമില്ലെന്നോ? നിങ്ങള്‍ ക്രിക്കറ്റ് കളിക്കാതിരുന്നത് മഹാഭാഗ്യം. മനപ്പൂര്‍വം വൈഡും നോ ബോളും എറിയുന്നത് ഗുരുതരമായ കുറ്റം തന്നെയാണ്,’ ചോപ്ര ട്വീറ്റ് ചെയ്തു.
വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി മുടക്കാന്‍ ഒരു പാകിസ്ഥാന്‍ ബൗളറാണ് ഇത് ചെയ്യുന്നതെങ്കില്‍ ഈ നീക്കത്തെ പിന്തുണച്ച് ആരെങ്കിലും എത്തുമായിരുന്നോ എന്ന് അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. ജെയ്‌സ്വാളിന്റെ സെഞ്ച്വറി തടയാന്‍ വൈഡ് എറിയുന്നതിനെ പിന്തുണച്ച ഒരാള്‍ പോലും അവിടെയുണ്ടാകില്ലെന്നും അവരെല്ലാം ആ പാക് ബൗളറെ ട്രോള്‍ ചെയ്യുന്ന തിരക്കിലായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.
49 പന്തില്‍ നിന്നും 98 റണ്‍സാണ് ജെയ്‌സ്വാള്‍ കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയത്. മാന്‍ ഓഫ് ദി മാച്ച് അടക്കം അഞ്ച് പുരസ്‌കാരങ്ങളാണ് ജെയ്‌സ്വാള്‍ കൊല്‍ക്കത്തക്കെതിര നടന്ന മത്സരത്തില്‍ നിന്നും സ്വന്തമാക്കിയത്.
Content Highlight: Akash Chopra slams fans supporting Suyash Sharma