ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സൂപ്പര്‍ താരം സര്‍ഫറാസ് ഖാനെ പുറത്താക്കിയ നടപടിയില്‍ ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആകാശ് പോച്ര. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലാണ് സര്‍ഫറാസിന് അവസരം ലഭിക്കാതെ പോയത്.
ആഭ്യന്തര ക്രിക്കറ്റില്‍ ഒന്നിന് പിറകെ ഒന്നായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സര്‍ഫറാസ് ഖാനെ ബി.സി.സി.ഐയോ സെലക്ടര്‍മാരോ പരിഗണിക്കാറില്ല. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടീമില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ ചതിക്കുകയാണെന്ന് സര്‍ഫറാസിന് തോന്നുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
‘അവന്‍ ഇത്തവണയും ഇല്ല. ബി.സി.സി.ഐ സെലക്ടര്‍മാര്‍ തന്നെ ചതിച്ചുവെന്ന് അവന് തോന്നും. ജസ്പ്രീത് ബുംറ ടീമിനൊപ്പമില്ല, എന്നാല്‍ എന്റെ ആശങ്ക മുഴുവനും സര്‍ഫറാസ് ഖാനെ ഓര്‍ത്താണ്,’ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ ചോപ്ര പറഞ്ഞു.
സൂര്യകുമാര്‍ യാദവിന് മുമ്പ് അവനെ ഉള്‍പ്പെടുത്തണമായിരുന്നു എന്നും ചോപ്ര പറഞ്ഞു.
‘സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയത് കൊണ്ടുതന്നെ ടീമില്‍ പലതും ശൂന്യമായി ഒഴിഞ്ഞുകിടക്കുകയാണ്. സര്‍ഫറാസിനായിരുന്നു ആ സ്ഥാനം ലഭിക്കേണ്ടിയിരുന്നത്. 80 ആണ് അവന്റെ ഫസ്റ്റ് ക്ലാസ് ശരാശരി. സര്‍ഫറാസിനെ കൂടാതെ ഡോണ്‍ ബ്രാഡ്മാന് മാത്രമേ എണ്‍പതോ അതില്‍ കൂടുതലോ ശരാശരിയുള്ളൂ.
അവന്‍ ചെയ്യേണ്ടതെല്ലാം ചെയ്തു, എന്നാലും അവനിപ്പോഴും ടീമിന് പുറത്താണ്. എനിക്ക് അവന്റെ അവസ്ഥ മനസിലാകും. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന് അവന് വേണ്ട അംഗീകാരം ലഭിക്കേണ്ടിയിരുന്നു,’ ചോപ്ര പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്, സൂര്യകുമാര്‍ യാദവ്