| Thursday, 15th September 2022, 6:39 pm

രക്ഷിക്കാന്‍ എല്ലായ്‌പ്പോഴും അവന്‍ ഉണ്ടാകില്ല, ഇന്ത്യ ഒരു പരിഹാരം കണ്ടില്ലെങ്കില്‍ പണി പാളും; ടീമിന് ഉപദേശവുമായി മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായിരുന്നു. ഈ വര്‍ഷം ആ ചീത്തപേര് മാറ്റാനുള്ള തയ്യാറെടുപ്പാണ് ടീം നടത്തുന്നത്.

പ്രധാന ബൗളര്‍മാരേയും ബാറ്റര്‍മാരെയും ഉള്‍പ്പെടുത്തികൊണ്ട് മികച്ച ഇലവന്‍ തന്നെ ഇറക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ ലോകകപ്പിനായി ഇന്ത്യ തെരഞ്ഞെടുത്ത 15 അംഗ സ്‌ക്വാഡില്‍ ഒരുപാട് പേര്‍ അതൃപ്തി അറിയിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിലും കെ.എല്‍ രാഹുലിലുമൊക്കെയാണ് ആരാധകര്‍ അതൃപ്തി അറിയിച്ചത്.

ബൗളിങ്ങില്‍ ഷമിയെ ഉള്‍പ്പെടുത്താത്തതിലും ഒരുപാട് പ്രതിഷേധങ്ങളുണ്ടായിരുന്നു. ടീമിലെ പ്രധാന പ്രശ്‌നം ബൗളിങ്ങില്‍ തന്നെയായിരിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്.

ഏഷ്യാ കപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം പ്രകടനത്തിനായിരുന്നു ടീം സാക്ഷിയായത്. സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരങ്ങളും തോറ്റത് ബൗളര്‍മാരുടെ മോശം പ്രകടനം കാരണമാണ്. എന്നാല്‍ പ്രധാന ബൗളര്‍മാരായ ബുംറയും ഹര്‍ഷല്‍ പട്ടേലുമില്ലാതെയായിരുന്നു ഇന്ത്യ ഇറങ്ങിയത്.

ഏഷ്യാ കപ്പിലെ ആ പ്രകടനത്തില്‍ നിന്നും ഇന്ത്യ പഠിക്കേണ്ട പാഠത്തെ കുറിച്ച് തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര. ഇന്ത്യ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടത് ഡെത്ത് ബൗളിങ്ങാണെന്നാണ് അദ്ദേഹം പറയുന്നത്.

‘ബൗളിങ്ങില്‍ വിഷം ചീറ്റാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. ന്യൂബോളില്‍ ഭുവനേശ്വര്‍ കുമാര്‍ നന്നായി ബൗള്‍ ചെയ്തു. പക്ഷേ ഡെത്ത് ഓവറുകളില്‍ അദ്ദേഹം നന്നായി തല്ല് വാങ്ങി. ഡെത്ത് ബൗളിങ്ങിനായി ഞങ്ങള്‍ക്ക് ആരെയും ലഭിക്കുന്നില്ല, എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ ജസ്പ്രീത് ബുംറയ്ക്ക് കഴിയുമെന്നില്ല, ” ചോപ്ര കൂട്ടിച്ചേര്‍ത്തു.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഹര്‍ഷല്‍ പട്ടേലിനെ ആ ജോലിയില്‍ വിശ്വസിക്കാനായിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ആര്‍.സി.ബിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഹര്‍ഷല്‍ ഇന്ത്യന്‍ ടീമില്‍ ഒരു മത്സരം കളിച്ചിട്ട് ഒരുപാട് നാളായി.

എന്തായാലും ഇന്ത്യന്‍ ബൗളര്‍മാരില്‍ ആരൊക്കെ വാഴും ആരൊക്കെ വീഴുമെന്ന് ലോകകപ്പിന് മുന്നേയുള്ള രണ്ട് പരമ്പരകളില്‍ അറിയാന്‍ സാധിക്കും. ഓസ്‌ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയുമാണ് ഇന്ത്യയുടെ പരമ്പരകള്‍.

Content Highlight: Akash Chopra shares concerns about Indian death Bowling

We use cookies to give you the best possible experience. Learn more