| Monday, 31st July 2023, 7:58 pm

അവസരം കൊടുക്കാന്‍ തുടങ്ങിയാല്‍ അത് കൊടുക്കണം; സഞ്ജുവിന് അപ്രതീക്ഷിത പിന്തുണയുമായി മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനം നാളെയാണ് നടക്കുക. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നിലവില്‍ 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരികമായി വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ആഥിധേയര്‍ ഇന്ത്യയെ ചുരുട്ടികെട്ടുകയായിരുന്നു.

രണ്ടാം മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയൊന്നുമില്ലാതെയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. വിന്‍ഡീസ് ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തു. മൂന്നാം മത്സരത്തില്‍ ഇന്ത്യ വിരാടിനെയും രോഹിത്തിനെയും തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ഇരുവരും തിരിച്ചെത്തുമ്പോള്‍ സഞ്ജു സാംസണോ സൂര്യകുമാര്‍ യാദവിനോ അവസരം നഷ്ടമാകുമെന്നും അക്‌സര്‍ പട്ടേലിന് എന്തായാലും അവസരം ലഭിക്കില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു. പരീക്ഷണങ്ങള്‍ക്കാണ് ഈ പരമ്പരയെ സമീപിച്ചതെങ്കില്‍ എന്തിനാണ് ഇനി മാറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘വിരാടിനെയും രോഹിത്തിനെയും അടുത്ത മത്സരത്തില്‍ കളിപ്പിക്കണമെങ്കില്‍ സഞ്ജു സാംസണെയോ സൂര്യകുമാര്‍ യാദവിനേയോ പുറത്തിരുത്തണം. രണ്ടുപേരില്‍ ഒരാളെ മാത്രമേ കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അക്സര്‍ പട്ടേലിന് ഇനി അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. പരീക്ഷണങ്ങള്‍ക്കായാണ് നിങ്ങള്‍ ഈ പരമ്പരയെ സമീപച്ചതെങ്കില്‍ പരീക്ഷണം എന്തിന് നിര്‍ത്തണം,’ ചോപ്ര പറഞ്ഞു.

‘ഞങ്ങള്‍ ഒരുപാട് ക്രിക്കറ്റ് താരങ്ങളെ പരീക്ഷിക്കാന്‍ പോകുകയാണ്, വേണ്ടത്ര ഗെയിം ടൈം കിട്ടാത്ത കളിക്കാര്‍ക്ക് അവസരം കൊടുക്കാന്‍ പോകുകയാണ്’ എന്ന തത്ത്വചിന്തയോടെയാണ് നിങ്ങള്‍ പോകുന്നതെങ്കില്‍, എന്തിനാണ് പിന്നെ ആവരെ മാറ്റുന്നത്? ആദ്യ ഗെയിമില്‍ നിങ്ങള്‍ അവസരം നല്‍കി, രണ്ടാമത്തെ ഗെയിമിലും നിങ്ങള്‍ അവസരം നല്‍കി. മുന്‍കാലങ്ങളില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്ത കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക,’ചോപ്ര കൂട്ടിച്ചേര്‍ത്തു.

രണ്ടാം മത്സരത്തില്‍ 181 റണ്‍സ് നേടി ഇന്ത്യ ഓള്‍ ഔട്ടാകുകയായിരുന്നു. വിന്‍ഡീസ് ആറ് വിക്കറ്റ് ബാക്കി നില്‍ക്കെ മത്സരം കൈയ്യിലൊതുക്കി.

Content Highlight: Akash Chopra Says Youngsters deserves more chances

We use cookies to give you the best possible experience. Learn more