ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കന്‍മാര്‍ വീണ്ടും കളത്തിലിറങ്ങുകയാണ്. ഏഷ്യാ കപ്പിന്റെ 2022 എഡിഷന് ശനിയാഴ്ച തുടക്കമാവുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ കണ്ണും കാതും യു.എ.ഇയിലേക്കാണ്. ടി-20 ലോകകപ്പിന് മുമ്പുള്ള ഏറ്റവും വലിയ ടൂര്‍ണമെന്റ് എന്നതും ഏഷ്യാ കപ്പിന് പിന്നാലെ കൂടാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നു.
ശനിയാഴ്ച നടക്കുന്ന ശ്രീലങ്ക – അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെയാണ് 2022 ഏഷ്യാ കപ്പിന് നാന്ദി കുറിക്കുന്നത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ശ്രീലങ്കയില്‍ നിന്നും യു.എ.ഇയിലേക്ക് പറിച്ചുനട്ട ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും കിരീടം ഒരിക്കല്‍ കൂടി സിംഹളദേശത്തേക്ക് തിരികെയെത്തിക്കാനുമാണ് ദാസുന്‍ ഷണകയും സംഘവും ഒരുങ്ങുന്നത്.
മികച്ച താരനിരയുമായിട്ടാണ് ശ്രീലങ്ക യു.എ.ഇയിലേക്ക് പറന്നത്. ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി ബാറ്റര്‍മാരെ കറക്കി വീഴ്ത്തിയ വാനിന്ദു ഹസരങ്കയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മിസ്റ്ററി സ്പിന്നര്‍ മഹീഷ് തീക്ഷണയുമടക്കം മികച്ച ബൗളര്‍മാരുടെ ഒരു നിരയുമായിട്ടാണ് ടീം പറന്നത്.
എന്നാല്‍ ശ്രീലങ്കന്‍ ടീമിന്റെ ബൗളിങ് നിരക്ക് ശക്തി പോരാ എന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയുടെ അഭിപ്രായം.
ഇരുടീമിന്റെയും സ്പിന്‍ നിര മികച്ചതാണെന്നും എന്നാല്‍ ശ്രീലങ്കയുടെ പേസ് നിര ശോകമാണെന്നുമായിരുന്നു ചോപ്ര പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘രണ്ട് ടീമിന്റെയനും സ്പിന്‍ നിര മികച്ചതാണ്. എനിക്ക് തോന്നുന്നത് മഹീഷ് തീക്ഷണയും വാനിന്ദു ഹസരങ്കക്കും അഫ്ഗാനെ കുഴപ്പിക്കാന്‍ സാധിക്കും.
എന്നിരുന്നാലും ശ്രീലങ്കയുടെ ബൗളിങ് നിരക്ക് ശക്തി പോരാ എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ചും പേസ് നിര. പതിരാനക്ക് കളിക്കാന്‍ അവസരം കിട്ടുമോ എന്നാണ് ഞാനിപ്പോള്‍ നോക്കുന്നത്,’ ചോപ്ര പറഞ്ഞു.
2022 ഏഷ്യാ കപ്പില്‍ മതീശ പതിരാനയാവും ശ്രീലങ്കയുടെ സര്‍പ്രൈസ് വെപ്പണ്‍. ഐ.പി.എഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തിളങ്ങിയ താരം ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല.
ദാസുന്‍ ഷണകയുടെ നേതൃത്വത്തിലിറങ്ങുന്ന ലങ്കയും മുഹമ്മദ് നബിയുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന അഫ്ഗാനിസ്ഥാനും ആരാധകരെ നിരാശപ്പെടുത്തില്ല എന്ന കാര്യം ഉറപ്പാണ്. ഹസരങ്കയും റാഷിദ് ഖാനും തമ്മിലുള്ള സ്പിന്‍ ഫേസ് ഓഫിനും യു.എ.ഇ സാക്ഷ്യം വഹിച്ചേക്കും.
ശ്രീലങ്ക സ്‌ക്വാഡ്
ദാസുന്‍ ഷണക (ക്യാപ്റ്റന്‍) ധനുഷ്‌ക ഗുണതിലക, പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍) ചരിത് അസലങ്ക (വൈസ് ക്യാപ്റ്റന്‍), ഭാനുക രാജപക്സെ (വിക്കറ്റ് കീപ്പര്‍), അഷെന്‍ ബണ്ടാര, ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ജെഫ്രി വാന്‍ഡര്‍സെ, പ്രവീണ്‍ ജയവിക്രമ, ചാമിക കരുണരത്നെ,ദില്‍ഷന്‍ മധുശങ്ക, മതീശ പതിരാന, നുവാനിദു ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര, ദിനേശ് ചണ്ഡിമല്‍ (വിക്കറ്റ് കീപ്പര്‍), അസിത ഫെര്‍ണാണ്ടോ, പ്രമോദ് മധുഷാന്‍
Content Highlight: Akash Chopra says Sri Lanka’s bowling department is weak