ഇന്ത്യ ഇനി ഒരു പരീക്ഷണത്തിന് ഒരുങ്ങുമെന്ന് കരുതുന്നില്ല, സഞ്ജു സാംസണ്‍ മത്സരത്തില്‍ നിന്നും പുറത്താണ്; തുറന്നടിച്ച് മുന്‍ താരം
Cricket
ഇന്ത്യ ഇനി ഒരു പരീക്ഷണത്തിന് ഒരുങ്ങുമെന്ന് കരുതുന്നില്ല, സഞ്ജു സാംസണ്‍ മത്സരത്തില്‍ നിന്നും പുറത്താണ്; തുറന്നടിച്ച് മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st July 2022, 10:19 pm

ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യറെടുപ്പിലാണ് ടീം ഇന്ത്യ. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ കളിക്കുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. ടീമില്‍ ഒരു സ്ഥാനം നേടാന്‍ സൂപ്പര്‍ താരങ്ങളടക്കം എല്ലാവരും മത്സരത്തിലാണ്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ടീം ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ആദ്യ ട്വന്റി-20യിലും ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. നായകന്‍ രോഹിത് ശര്‍മയുടെ കൂടെ സൂര്യകുമാര്‍ യാദവായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിത്.

കാണികള്‍ക്കും ക്രിക്കറ്റ് നിരീക്ഷകര്‍ക്കുമതൊരു സര്‍പ്രൈസായിരുന്നു. ഓപ്പണിങ്ങില്‍ ഒരുപാട് താരങ്ങളുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യ ഓപ്പണിങ് ഇറങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. മോശമല്ലാത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഈ വര്‍ഷം ഒരുപാട് പരീക്ഷണങ്ങളാണ് ഇന്ത്യന്‍ ടീം ഓപ്പണിങ് പൊസിഷനില്‍ പരീക്ഷിച്ചത്. ഇനി ഇന്ത്യന്‍ ടീം പരീക്ഷണത്തിന് മുതിരില്ല എന്നാണ് മുന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര പറഞ്ഞത്. അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഓപ്പണിങ് ഇറങ്ങിയ സഞ്ജു സാംസണെ വിന്‍ഡീസ് പരമ്പരയില്‍ ഓപ്പണിങ്ങില്‍ കളിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പരിക്കേറ്റ കെ.എല്‍ രാഹുലിന് പകരമായിരുന്നു സഞ്ജു ടീമിലെത്തിയത്. എന്നാല്‍ സൂര്യയെ തന്നെ ഓപ്പണിങ്ങില്‍ കളിപ്പിക്കാനാണ് സാധ്യതയെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.

‘സഞ്ജു സാംസണ്‍ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി ഓപ്പണര്‍ ചെയ്തിട്ടുണ്ട്, 95 റണ്‍സ് നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അടുത്ത മത്സരത്തിലൊക്കെ അദ്ദേഹം സെലക്ഷനിലുണ്ട്. എന്നാല്‍ സൂര്യയെ ആദ്യ മത്സരത്തില്‍ ഓപ്പണിങ് ഇറക്കിയ ഇന്ത്യ എല്ലാ മത്സരത്തിലും ഓപ്പണര്‍മാരെ മാറ്റുമെന്ന് ഞാന്‍ കരുതുന്നില്ല. സാംസണ്‍ ഓപ്പണര്‍ ആകാനുള്ള മത്സരത്തില്‍ ഏകദേശം പുറത്തായി,’ ചോപ്ര പറഞ്ഞു.

തന്റെ യൂറ്റിയൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര. സഞ്ജുവിന്റെ ട്വന്റി-20 കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 77 റണ്‍സ് നേടിയത് ഓപ്പണിങ് ഇറങ്ങിയിട്ടായിരുന്നു. താര സമ്പന്നമായ ഇന്ത്യന്‍ ടീമില്‍ താരത്തിന് അവസരം ലഭിക്കുമോ എന്നുള്ളത് കണ്ടറിയണം.

Content Highlights: Akash chopra says Sanju Samson is out of the competition for opening position