ഐ.പി.എല്ലിന്റെ ആരവങ്ങളുയരാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ലോകം കണ്ട ഏറ്റവും സക്‌സസ്ഫുള്ളായ ഫ്രാഞ്ചൈസി ലീഗായ ഐ.പി.എല്‍ അതിന്റെ 16ാം എഡിഷനിലേക്ക് കടക്കുകയാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പത്ത് ടീമുകളും കിരീടം മാത്രം മുന്നില്‍ കണ്ടാണ് കളത്തിലിറങ്ങുന്നത്.
ഇത്തവണ കിരീടം നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമില്‍ പ്രധാനിയാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ തവണ ഫൈനലില്‍ കയ്യെത്തും ദൂരത്ത് നിന്നും നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുകയാണ് സഞ്ജുവിന്റെയും കൂട്ടരുടെയും ലക്ഷ്യം.
കഴിഞ്ഞ സീസണിനേക്കാള്‍ ശക്തമായ സ്‌ക്വാഡുമായിട്ടാണ് രാജസ്ഥാന്‍ പുതിയ സീസണിനിറങ്ങുന്നത്. ഫാസ്റ്റ് ബൗള്‍ ഓള്‍ റൗണ്ടറായി ജേസണ്‍ ഹോള്‍ഡറും മിനി താരലേലത്തിലെ സര്‍പ്രൈസ് പിക്കിങ്ങായ ജോ റൂട്ടും ആദം സാംപയും അടങ്ങുന്ന വമ്പന്‍ നിരയാണ് ഇത്തവണ രാജസ്ഥാനുള്ളത്.
2008ലെ ഉദ്ഘാടന സീസണില്‍ ഷെയ്ന്‍ വോണിന് കീഴില്‍ ചാമ്പ്യന്‍മാരായതിന് ശേഷം കഴിഞ്ഞ സീസണില്‍ ഇതാദ്യമായാണ് രാജസ്ഥാന്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അന്ന് കൈവിട്ടുകളഞ്ഞ കിരീടം എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കാനാണ് ടീം ഒരുങ്ങുന്നത്.
ഐ.പി.എല്ലിന്റെ മുന്നൊരുക്കങ്ങള്‍ക്കിടയില്‍ ടീമിന്റെ സാധ്യതകള്‍ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. രാജസ്ഥാന്‍ ഇത്തവണ പ്ലേ ഓഫില്‍ പ്രവേശിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഇതിന് പുറമെ ജോസ് ബട്‌ലര്‍ മികച്ച റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും യൂസ്വേന്ദ്ര ചഹല്‍ മികച്ച വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും ഇത്തവണയും സ്വന്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എനിക്ക് തോന്നുന്നത് ബട്‌ലര്‍ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായും യൂസ്വേന്ദ്ര ചഹല്‍ മികച്ച വിക്കറ്റ് വേട്ടക്കാരനായും ഒരിക്കല്‍ക്കൂടി മാറുമെന്നാണ്. ഇന്ത്യ ചഹലിനെ മികച്ച രീതിയില്‍ ഉപയോഗിക്കുന്നില്ല. ഈ ഐ.പി.എല്‍ അദ്ദേഹത്തെ മികച്ച പ്രകടനം കാഴ്ചവെക്കാനും വിമര്‍ശകരെ നിശബ്ദമാക്കാനും സഹായിക്കും.
അവര്‍ വളരെ മികച്ച ടീമാണ്. അവര്‍ ഒരിക്കല്‍ക്കൂടി പ്ലേ ഓഫില്‍ പ്രവേശിക്കുമെന്നാണ് എനിക്ക് തോന്നുന്നത്,’ ആകാശ് ചോപ്ര പറഞ്ഞു.
നേരത്തെ, രാജസ്ഥാന്‍ റോയല്‍സ് ടീമിന് ഒരു ബാലന്‍സ് ഇല്ലെന്നും ഇത്തവണ കപ്പുയര്‍ത്താന്‍ സാധ്യത കാണുന്നില്ല എന്നുമാണ് ചോപ്ര പറഞ്ഞിരുന്നത്.
കഴിഞ്ഞ സീസണില്‍ നാല് സെഞ്ച്വറിയുള്‍പ്പെടെ 863 റണ്‍സാണ് ജോസ് ബട്‌ലര്‍ നേടിയത്. റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ.എല്‍ രാഹുലിനേക്കാള്‍ 247 റണ്‍സ് അധികമാണ് ബട്‌ലറിന്റെ അക്കൗണ്ടിലുള്ളത്.