|

ആരാണ് ഈ വിരാട് കോഹ്‌ലി അയാള്‍ ഇവന്റെ ഏഴയലത്ത് വരുമോ; വിരാട് കോഹ്‌ലിയെ തള്ളിപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും, ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടും. ഇരുവരും അവരവരരുടെ ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി വിരാട് ബാറ്റിങില്‍ പരാജയമാണ്. റൂട്ട് അദ്ദേഹത്തിന്റെ പീക്ക് ടൈമിലും.

നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ജോ റൂട്ടാണെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്രയുടെ അഭിപ്രായം. ഫാബുലസ് ഫോറിലെ ബാക്കി മൂന്ന് പേരെ അപേക്ഷിച്ച് റൂട്ട് ഒരുപാട് മുന്നോട്ടുപോയെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍.

‘ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് കടന്നിരിക്കുന്നു, അവന്‍ തികച്ചും അസാമാന്യനാണ്. വിരാട് കോഹ്‌ലി 27 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയപ്പോള്‍ 17-ല്‍ ആയിരുന്നു അദ്ദേഹം.

‘സ്റ്റീവ് സ്മിത്തോ കെയ്ന്‍ വില്യംസണോ ആകട്ടെ, ഫാബ് ഫോറിലെ ബാക്കിയുള്ളവര്‍ നേരത്തെ ഉണ്ടായിരുന്ന പൊസിഷനില്‍ തന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവരെല്ലാം സെഞ്ച്വറി നേടാന്‍ പാടുപെടുകയാണ്, എന്നാല്‍ റൂട്ട് പത്ത് ,സെഞ്ച്വറിയാണ് അടിച്ചുകൂട്ടിയത്,’ ചോപ്ര പറയുന്നു.

ഇപ്പോള്‍ കളിക്കുന്നവരില്‍ ജോ റൂട്ടാണ് ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററെന്നും ചോപ്ര പറഞ്ഞു. ബാക്കിയാരും അടുത്തുപോലും വരില്ലയെന്നു അദ്ദേഹം പറഞ്ഞു.

‘ഈ നിമിഷം, ജോ റൂട്ട് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററാണെന്ന് നിങ്ങള്‍ സമ്മതിക്കണം. റൂട്ടിന്റെ അടുത്ത് വരുന്ന ആരും ഇല്ല. ഫാബ് ഫോറില്‍ മറ്റ് അസാമാന്യ താരങ്ങളുണ്ട്, പക്ഷേ അവസാനത്തെ രണ്ട് വര്‍ഷമുള്ള പ്രകടനം നോക്കിയാല്‍ അവന്‍ എല്ലാവരേക്കാളും മുകളിലാണ്,’ ചോപ്ര പറഞ്ഞു.

ലോകത്ത് എല്ലായിടത്തും സ്‌കോര്‍ ചെയ്യാനും ഏത് ഇന്നിങ്‌സില്‍ സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തിന് സാധിക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. തന്റെ യൂടൂബ് ചാനലിലാണ് ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘റൂട്ടിന്റെ മനസാന്നിധ്യം തകര്‍ക്കാനാാകില്ല. മുന്നിലുള്ളവരുടെ ആത്മവീര്യം തകര്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അവന്‍ മിടുക്കനാണ്, മികച്ചവനാണ്. ബാറ്റിങ് എളുപ്പമല്ലാത്ത ഇംഗ്ലണ്ടില്‍, ആദ്യ ഇന്നിംഗ്സ്, രണ്ടാം ഇന്നിംഗ്സ്, എല്ലാത്തിലും അദ്ദേഹത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. ലോകത്ത് എല്ലാ പിച്ചിലും അവന്‍ റണ്‍സ് നേടുന്നു.’ ചോപ്ര പ്രശംസിച്ചു.

കഴിഞ്ഞ 22 ടെസ്റ്റില്‍ നിന്നും 10 സെഞ്ച്വറിയാണ് റൂട്ട് അടിച്ചുകൂട്ടിയത്. ന്യൂസിലാന്‍ഡിനെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

Content Highlights: Akash Chopra says Joe Root is best test batter and better than virat