| Tuesday, 9th August 2022, 2:57 pm

അവന്‍ എവിടെ? ഈ ടീമുമായി പോയാല്‍ തോറ്റിട്ട് തിരിച്ചുവരത്തെയുള്ളൂ; ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. 15 അംഗ ടീമിനെ രോഹിത് ശര്‍മയാണ് നയിക്കുക. ടീമിനെ പ്രഖ്യാപിക്കുന്നതിന് കുറച്ചുമുമ്പ് തന്റെ ടീമിനെ ആകാശ് ചോപ്ര പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അതിന് ശേഷം തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. വിരാട് കോഹ്ലിയും കെ.എല്‍. രാഹുലും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും പരിക്കുമൂലം പുറത്തായി.

അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍, അവേഷ് ഖാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മാത്രമാണ് ടീമിലുള്ളത്. വെറും മൂന്ന് പേസ് താരങ്ങളെ മാത്രം ടീമിലുള്‍പ്പെടുത്തിയതിന് സെലക്ടര്‍മാരെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

ഹര്‍ദിക്കിനെ ഒരു പ്രോപര്‍ പേസ് ബൗളറായി ആകാശ് ചോപ്ര കാണുന്നില്ല. തനിക്ക് ഒരു ബൗളറെ പോലെ ഫുള്‍ ക്വാട്ടയും എറിയാന്‍ സാധിക്കുമെന്ന് ഹര്‍ദിക് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ചോപ്ര അത് പരിഗണിക്കുന്നില്ല.

യു.എ.ഇയില്‍ ഗ്രൗണ്ടുകളില്‍ പേസ് ബൗളര്‍മാര്‍ക്ക് ഈ സമയത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് ചോപ്ര പറയുന്നു. ആ പിച്ചുകളില്‍ വെറും മൂന്ന് പേസര്‍മാരെ കൊണ്ടുപോകുന്നത് ഒര സെന്‍സും ഉണ്ടാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ ഈ സമയത്ത് ദുബായ് പിച്ചുകള്‍ ഗ്രീനി ആയിരിക്കും. ഈ പിച്ചുകള്‍ എപ്പോഴും ഫാസ്റ്റ് ബൗളര്‍മാരെ സഹായിക്കുന്നു. അതിനാല്‍, വെറും മൂന്ന് സീമര്‍മാരുമായി അത്തരമൊരു അഭിമാനകരമായ ടൂര്‍ണമെന്റിലേക്ക് പോകുന്നതില്‍ ഒരു അര്‍ത്ഥവുമില്ല,’ ചോപ്ര പറഞ്ഞു.

ടീമിന്റെ നാലാം പേസ് ബൗളറായി മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പേസര്‍മാര്‍.

‘ഷമി എവിടെ? യു.എ.ഇ.യില്‍ നാല് പേസ് ബൗളര്‍മാര്‍ ആവശ്യമായതിനാല്‍ അവേഷ് ഖാനൊപ്പം നിങ്ങള്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കേണ്ടതായിരുന്നു,’ ചോപ്ര ചൂണ്ടികാട്ടി.

ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും പരിക്കിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. അവരുടെ അഭാവം ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിനെ ദുര്‍ബലമാക്കുമെന്നാണ് ചോപ്രയുടെ അഭിപ്രായം.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍ , അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

Content Highlights: Akash Chopra Says Indian Team will lose if they are playing only

with three pace bowlers

We use cookies to give you the best possible experience. Learn more