ഈ വര്‍ഷത്തെ ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അതിനായി എല്ലാ പരമ്പരകളിലും ടീം മാറ്റി പരീക്ഷിക്കുകയാണ് ഇന്ത്യന്‍ പട. ഇതിലൂടെ യുവ താരങ്ങള്‍ക്ക് വേണ്ട രീതിയിലുള്ള അവസരങ്ങള്‍ നല്‍കാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്.
അവസാന കുറച്ച് പരമ്പകരകളില്‍ വ്യത്യസ്ത ഓപ്പണര്‍മാരെയാണ് ടീം ഇന്ത്യ പരീക്ഷിച്ചത്. ഏകദേശം എട്ട് ഓപ്പണിങ് സംഘത്തെയാണ് ഇന്ത്യന്‍ ടീം പരീക്ഷിച്ചത്. എന്നിട്ടും ലോകകപ്പിനുള്ള ഇന്ത്യന്‍ നിരയെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. ഒരു തരത്തില്‍ താരങ്ങളുടെ അതിപ്രസരമാണ് ഇന്ത്യന്‍ ടീമിന് വിനയാകുന്നത്.
ഒരുപാട് സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ ടീമിലുള്ളപ്പോള്‍ നായകന്‍ രോഹിത് ശര്‍മയുടെ കൂടെ മുന്‍ നായകന്‍ വിരാട് കോഹ്‌ലി ഓപ്പണിങ് ഇറങ്ങണമെന്ന് വാദിക്കുന്ന ആരാധകര്‍ ഒരുപാടുണ്ട്. എന്നാല്‍ വിരാടിനെ ഓപ്പണിങ് ഇറക്കേണ്ട എന്ന അഭിപ്രായമാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്രക്കുള്ളത്. വിരാടിനെ ഓപ്പണിങ് ഇറക്കാന്‍ ഉദ്ദേശിക്കുന്നത് കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
‘ഓസ്ട്രേലിയയില്‍ നടക്കുന്ന ഐ.സി.സി ടി20 ലോകകപ്പില്‍ വിരാടും രോഹിത്തും ഓപ്പണ്‍ ചെയ്യണമോ എന്നൊരു ചര്‍ച്ചയുണ്ട്. ഇത് കളിക്കാര്‍ക്കിടയില്‍ കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കും. ടി20യില്‍ ഞങ്ങള്‍ക്ക് സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് ഫിനിഷര്‍മാര്‍, മധ്യനിരയില്‍ പ്രകടനം നടത്താന്‍ സാധിക്കുന്ന താരങ്ങള്‍ എന്നിവരെ ആവശ്യമുള്ളതിനാല്‍ റോളിന്റെ വ്യക്തത വളരെ പ്രധാനമാണ്, ”ആകാശ് ചോപ്ര പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പില്‍ ഒരു മത്സരത്തിന് ശേഷം രോഹിത്തിനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റിയത് ചോപ്ര ഒരു ഉദാഹരണമായി പറഞ്ഞു.
‘ ലോകകപ്പിന് മുന്നോടിയായി രോഹിത്തും രാഹുലും മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ ഇന്ത്യ രോഹിത്തിന്റെ സ്ലോട്ട് മാറ്റി. ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ രാഹുലിന്റെ കൂടെ ഇഷാന്‍ കിഷനെ ഓപ്പണിങ് ഇറക്കുകയായിരുന്നു. ഇത് കാരണം രോഹിത്തിനെ മൂന്നാം സ്ഥാനത്ത് മാറ്റിയിരുന്നു. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.