| Thursday, 22nd September 2022, 11:44 am

ഇന്ത്യക്ക് ട്വന്റി-20 ലോകകപ്പ് വിജയിക്കാന്‍ ഒരിക്കലും സാധിക്കില്ല; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരെ പരമ്പര കളിക്കുകയാണ് ടീമിപ്പോള്‍. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയാണ് ഇന്ത്യ ഓസീസിനെതിരെ കളിക്കുന്നത്.

2013ന് ശേഷം ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചില്ലായിരുന്നു. ഇത്തവണ ആ ചീത്തപ്പേര് മാറ്റാനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ടീമിന്റെ സമീപ കാല പ്രകടനം സന്തോഷം നല്‍കുന്നതല്ല. ഏഷ്യാ കപ്പിലും നിലവില്‍ നടക്കുന്ന ഓസീസ് പരമ്പരയിലും മോശം പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്.

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ പുറത്തായ ഇന്ത്യന്‍ ടീം ഓസീസിനെതിരെയുള്ള ആദ്യ മത്സരത്തിലും തോറ്റിരുന്നു. മോശം ബൗളിങ് പ്രകടനമാണ് ടീമിന് ഏറ്റവും കൂടുതല്‍ പണികിട്ടുന്ന മേഖല. ഇന്ത്യ ഈ പോക്ക് പോയാല്‍ ലോകകപ്പില്‍ വിജയിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്ററായ ആകാശ് ചോപ്ര.

ഇന്ത്യന്‍ ബൗളിങ് വളരെ വീക്കാണെന്നും ലോകകപ്പ് വിജയിക്കാന്‍ ബൗളര്‍മാരുടെ ഈ പ്രകടനം പോരാ എന്നാണ് അദ്ദേഹം പറയുന്നത്. ചഹല്‍ വിക്കറ്റ് കൊയ്ത്ത് നടത്തുന്നില്ലെന്നും ചോപ്ര പറഞ്ഞു.

‘യൂസി ചഹല്‍ വേഗത്തില്‍ പന്തെറിയുന്നു. പതുക്കെ പന്തെറിയുന്നത് വരെ അദ്ദേഹത്തിന് വിക്കറ്റ് വീഴ്ത്താനാകില്ല. ഇന്ത്യക്ക് ദുര്‍ബലമായ ബൗളിങ് ലൈനപ്പാണ് നിലവിലുള്ളത്. അത്തരം ബൗളര്‍മാരുമായി നിങ്ങള്‍ക്ക് ലോകകപ്പ് നേടാനാവില്ല. ഓസ്ട്രേലിയക്കെതിരെ ശേഷിക്കുന്ന മത്സരങ്ങള്‍ നിങ്ങള്‍ വിജയിക്കണം. അല്ലെങ്കില്‍, നാല് പ്രധാന താരങ്ങളില്ലാത്ത ടീമിനെതിരായ പരമ്പര നിങ്ങള്‍ക്ക് നഷ്ടപ്പെടും,’ ചോപ്ര പറഞ്ഞു.


ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ മികച്ച ടോട്ടല്‍ തന്നെ കണ്ടെത്തിയിരുന്നു. തുടക്കം മുതല്‍ അറ്റാക്കിങ് അപ്രോച്ച് വെച്ച് കളിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊളുത്തി വിട്ട തിരി അവസാനം ഹര്‍ദിക് പാണ്ഡ്യ ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 71 റണ്‍സും കെ.എല്‍ രാഹുല്‍ 55 റണ്‍സും സ്വന്തമാക്കി. 46 റണ്‍സുമായി സൂര്യകുമാര്‍ യാദവ് ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി. ബാറ്റര്‍മാര്‍ അക്ഷാര്‍ത്ഥത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്ത്യക്ക് പണി കൊടുക്കുകയായിരുന്നു.

ഓസീസിനായി കാമറൂണ്‍ ഗ്രീന്‍ 61 റണ്‍സ് നേടി കളിയിലെ താരമായി. കരിയറില്‍ ആദ്യമായി ഓപ്പണിങ് ഇറങ്ങിയ ഈ 23 വയസുകാരന്‍ ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ഫിനിഷിങ്ങില്‍ മാരക അടി അടിച്ച മാത്യു വെയ്ഡ് 21 പന്തില്‍ 45 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി ഇറങ്ങിയ സ്റ്റീവ് സ്മിത് 35 റണ്‍സ് നേടിയിരുന്നു.

Content Highlight: Akash Chopra says Indian Can’t win world cup if Indian Bowling continues Performing like this

Latest Stories

We use cookies to give you the best possible experience. Learn more