ഐ.പി.എല്ലിന് ശേഷം നടക്കുന്ന ടി-20 ലോകകപ്പിന്റെ ആവേശം ഇതിനോടകം തന്നെ കത്തിക്കയറുകയാണ്. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ലോകകപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും ഐ.പി.എല്ലിനൊപ്പം തന്നെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാണ്.
ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടണമെങ്കില്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുകയാണ് ഏക പോംവഴി. ലോകകപ്പിന് മുമ്പ് ഇന്ത്യ മറ്റ് ടി-20 പരമ്പരകളോ സന്നാഹ മത്സരങ്ങളോ കളിക്കാത്തതിനാല്‍ ഐ.പി.എല്‍ തന്നെയായിരിക്കും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം.
ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്ന താരമാണ് ശിവം ദുബെ. മിഡില്‍ ഓര്‍ഡറില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ താരത്തിന് സാധിക്കുമെന്നും ഏത് അവസ്ഥയിലും സിക്‌സര്‍ നേടാനും സ്‌കോര്‍ ഉയര്‍ത്താനും താരത്തിന് സാധിക്കുമെന്നും ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.
ഇപ്പോള്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരം ശിവം ദുബെ പ്ലെയിങ് ഇലവനില്‍ ഉറപ്പായും ഉണ്ടാകണമെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ദുബെയെ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയാല്‍ പോരെന്നും താരം പ്ലെയിങ് ഇലവന്റെ ഭാഗമാകണമെന്നും ചോപ്ര പറഞ്ഞു.
‘അവന്റെ സ്‌ഫോടനാത്മകമായ ബാറ്റിങ് ശൈലി ടി-20 ലോകകപ്പ് സ്‌ക്വാഡിലെ സെലക്ഷന്‍ മാത്രമല്ല, പ്ലെയിങ് ഇലവന്റെ ഭാഗമാക്കാനും ആവശ്യപ്പെടുകയാണ്,’ ആകാശ് ചോപ്ര പറഞ്ഞു.
ബാറ്റിങ്ങില്‍ ദുബെ പുറത്തെടുക്കുന്ന മികവിനെ കുറിച്ച് പറഞ്ഞ ചോപ്ര, താരത്തെ മറികടക്കാന്‍ നിലവില്‍ ഒരു ഇന്ത്യന്‍ താരത്തിനുമാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
‘അവന്റെ മികച്ച ബാറ്റിങ് കണക്കിലെടുക്കുമ്പോള്‍ ഒരു മാനേജ്‌മെന്റിനും ഒരു ക്യാപ്റ്റനും ഒരു സെലക്ടര്‍ക്കും അവനെ അവഗണിക്കാന്‍ സാധിക്കില്ല. കാരണം അവന്റെ ഹാര്‍ഡ് ഹിറ്റിങ്ങിനെ മറികടക്കാന്‍ സാധിക്കില്ല. അവനെ ടീമില്‍ ഉള്‍പ്പെടുത്താതെ ബെഞ്ചില്‍ ഇരുത്തിയാല്‍ നിങ്ങള്‍ ചെയ്യുന്നത് കടുത്ത അനീതിയാണെന്ന് പറയേണ്ടി വരും,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: Akash Chopra says India must include Shivam Dube in T20 World Cup playing eleven