ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാന താരമായിരുന്നു സുരേഷ് റെയ്‌ന. മിഡില്‍ഓര്‍ഡറില്‍ കളിച്ചുകൊണ്ടിരുന്ന റെയ്‌ന ടീമിന് നല്‍കുന്ന ബാലന്‍സ് ചെറുതൊന്നുമല്ലായിരുന്നു. ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച ബാറ്ററായിരുന്നു അദ്ദേഹം. മിസ്റ്റര്‍ ഐ.പി.എല്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
എന്നാല്‍ ഒരു കാലത്തിന് ശേഷം ഫോമൗട്ടായ താരം പിന്നീട് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കാര്യമായ പരിശ്രമങ്ങളൊന്നും നടത്തിയില്ല. 2022 ഐ.പി.എല്ലില്‍ ഒരു ടീമും അദ്ദേഹത്തെ ടീമില്‍ എത്തിക്കാനും ശ്രമിച്ചില്ല. എന്നാല്‍ അദ്ദേഹത്തിന് ഇനിയും ക്രിക്കറ്റ് ഉണ്ടെന്നും മറ്റുള്ള രാജ്യങ്ങളില്‍ നടക്കുന്ന ട്വന്റി-20 ലീഗുകളില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയുടെ അഭിപ്രായം.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ലീഗില്‍ ആറ് ടീമുകളെ സ്വന്തമാക്കിയത്. ഐ.പി.എല്‍ ടീമുടമകളായിരിക്കുമ്പോള്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ ലീഗില്‍ കളിക്കാന്‍ സാധിക്കുമെന്നും, റെയ്‌ന അവിടെ കളിക്കാനുള്ള സാധ്യത താന്‍ കാണുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു.
‘സി.എസ്.എ ടി20 ലീഗിലെ ആറ് ടീമുകളെയും ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ വാങ്ങുമ്പോള്‍, അത് പൂര്‍ണ്ണമായും ഇന്ത്യന്‍ ലീഗായി മാറും. യു.എ.ഇ ടി20 ലീഗിലും ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ ഉണ്ട്. ഇത് തുടരുകയാണെങ്കില്‍, ഫ്രാഞ്ചൈസികള്‍ക്ക് അവരുടെ കളിക്കാര്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ കളിക്കാണമെന്ന് ആഗ്രഹിച്ചേക്കാം. സുരേഷ് റെയ്ന കളിക്കാനുള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്,’ ചോപ്ര പറഞ്ഞു.
റെയ്‌ന സ്വയം ലഭ്യത അറിയിച്ചാല്‍ അദ്ദേഹത്തിന് ഒരുപാട് ടീമുകളില്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഐ.പി.എല്ലില്‍ കളിക്കാത്ത മറ്റുള്ള താരങ്ങളും ഈ ലീഗില്‍ പങ്കെടുക്കാനുള്ള സാധ്യത താന്‍ കാണുന്നതായും ചോപ്ര പറഞ്ഞിരുന്നു.
‘ചില ഇന്ത്യന്‍ താരങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ഈ ലീഗുകളില്‍ കളിക്കുന്നത് ഞാന്‍ മുന്നില്‍ കാണുന്നുണ്ട്. ഐ.പി.എല്ലില്‍ കളിക്കാത്തവെല്ലാവരും ലഭ്യമാണ്. പക്ഷേ റെയ്നയുടെ കാര്യം വളരെ രസകരമാണ്, ഒരുപാട് ആളുകള്‍ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കാന്‍ ആഗ്രഹിച്ചേക്കാം,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
തന്റെ യുറ്റിയൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മറ്റുള്ള ലീഗുകളില്‍ ഇന്ത്യന്‍ ഫ്രഞ്ചൈസികള്‍ പണം മുടക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനുള്ള സാധ്യത ഭാവിയിലുണ്ട്. എന്നാല്‍ വിദേശ ലീഗുകളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന ബി.സി.സി. ഐയുടെ തീരുമാനമാണ് പല താരങ്ങളേയും ഈ ലീഗുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്നോട്ടടിക്കുന്നത്. ഭാവിയില്‍ ഇത് മാറ്റുമോ എന്ന് കണ്ടറിയണം.