| Sunday, 12th June 2022, 1:38 pm

ഇവനെക്കാള്‍ മുമ്പെ ഹര്‍ദിക്കിനെ ഇറക്കിയാല്‍ ഇന്ത്യക്ക് ലാഭമേയുള്ളൂ; ഹര്‍ദിക്ക് പാണ്ഡ്യയെ പിന്തുണച്ച് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിലേക്ക് മികച്ച രീതിയില്‍ തിരിച്ചുവന്നിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യ. പരിക്കുകളും ഫോം ഔട്ടും വിടാതെ പിന്തുടര്‍ന്ന ഹര്‍ദിക്ക് ഈ ഐ.പി.എല്‍ സീസണില്‍ മികച്ച പ്രകടനം നടത്തിയാണ് ടീമില്‍ തിരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ 12 പന്തില്‍ 31 റണ്‍ നേടിയാണ് താരം ടീമിലേക്ക് തന്റെ വരവ് അറിയിച്ചത്.

അഞ്ചാമനായായിരുന്നു ഹര്‍ദിക്ക് ബാറ്റിങിനിറങ്ങിയത്. എന്നാല്‍ താരത്തെ ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഇറക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ കളിക്കാരനായ ആകാശ് ചോപ്രയുടെ അഭിപ്രായം. റിഷഭ് പന്തിന് മുന്നെ ഹര്‍ദിക്കിനെ ക്രീസില്‍ ഇറക്കിയാല്‍ അദ്ദേഹത്തിന് 30 പന്തില്‍ 70-80 റണ്‍സ് നേടാന്‍ സാധിക്കുമെന്നാണ് ചോപ്രയുടെ അഭിപ്രായം.

’10 മുതല്‍ 12 വരെയുള്ള ഓവറുകള്‍ക്ക് ശേഷം വിക്കറ്റ് വീഴുമ്പോഴെല്ലാം നിങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യയെ ബാറ്റിങ് ഓര്‍ഡറില്‍ അല്പം നേരത്തെ അയക്കണമെന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ അവനു 30 പന്തുകള്‍ കളിക്കാന്‍ നല്‍കിയാല്‍, അവന്‍ നിങ്ങള്‍ക്ക് ഒരു 70 അല്ലെങ്കില്‍ 80 റണ്‍സ് നല്‍കും. റിഷബ് പന്തിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയെ അയക്കണമെന്നാണ് എന്റെ അഭിപ്രായം,’ ആകാശ് ചേപ്രാ പറഞ്ഞു.

മത്സരത്തില്‍ നാലമനായായിരുന്നു പന്ത് ഇറങ്ങിയത്. 16 പന്ത് നേരിട്ട ക്യാപ്റ്റന്‍ 29 റണ്‍സ് നേടിയിരുന്നു. രണ്ട് പേരും മികച്ച രീതിയില്‍ അറ്റാക്കിങ് ക്രിക്കറ്റ് കളിക്കാന്‍ പ്രാപ്തരാണ്. ടീമിന് വേണ്ടി ഇംപാക്റ്റ് ഇന്നിങ്‌സ് കളിക്കാനാണ് ഇരുവരും ശ്രമിക്കാറുള്ളത്.

ആദ്യ മത്സരത്തില്‍ വെറും രണ്ട് ഓവറും ഒരു ബോളും മാത്രമാണ് സ്പിന്നര്‍ ചാഹല്‍ എറിഞ്ഞത്. ചാഹലിന് തന്റെ നാല് ഓവറും കൊടുക്കണമെന്നാണ് ചോപ്രയുടെ അഭിപ്രായം. ഹര്‍ഷല്‍ പട്ടേല്‍ ആര്‍.സി.ബി യിലെ പോലെ എഫക്റ്റീവ് അല്ലെന്നും ചോപ്ര പറഞ്ഞു.

‘ബൗളിംഗില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ?എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണെങ്കില്‍, ആദ്യം യുസ്വേന്ദ്ര ചാഹലിന് പന്ത് കൊടുക്കുക. അദ്ദേഹത്തിന്റെ നാല് ഓവര്‍ ക്വാട്ടയും മുഴുവന്‍ എറിയിക്കുക. ഇന്ത്യക്ക് അത് ആവശ്യമാണ്,’ ചോപ്ര പറഞ്ഞു.

‘ഹര്‍ഷല്‍ പട്ടേലിന്റെ കാര്യം പറയുകയാണെങ്കില്‍ ഡെത്ത് ഓവറുകളില്‍ അദ്ദേഹം നന്നായി പന്തെറിയുന്നു, എന്നാല്‍ ആര്‍.സി.ബിക്ക് വേണ്ടി അദ്ദേഹം ഓവറില്‍ ഒമ്പത് റണ്‍സ് വെച്ചാണ് വിട്ട്് നല്‍കുന്നത്, എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി ഓവറില്‍ 11 റണ്‍സ് അദ്ദേഹം വിട്ട് നല്‍കുന്നുണ്ട്. അതിനാല്‍ ഇന്ത്യയിലെത്തുമ്പോള്‍ അദ്ദേഹം അല്‍പ്പം സമര്‍ദ്ദത്തിലാണ് എന്ന് മനസിലാക്കാം,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ത്യന്‍ ടീം കഴിഞ്ഞ കളി ഇറങ്ങിയ അതേ ഇലവന്‍ തന്നെ ഇറങ്ങണമെന്നാണ് ചോപ്രയുടെ അഭിപ്രായം.

‘ഇന്ത്യയ്ക്ക് ഒരു മാറ്റത്തിന്റെ ആവശ്യമുണ്ടൊ? ഒരു മാറ്റത്തിന്റെയും ആവശ്യമില്ല എന്നേ ഞാന്‍ പറയു, ഒരേ ടീം തന്നെ ഇറക്കുക, കാരണം നിങ്ങള്‍ ആവര്‍ത്തിച്ച് മാറ്റങ്ങള്‍ വരുത്തിയാല്‍ അത് പ്രയോജനം ഉണ്ടാകില്ല. എന്റെ അഭിപ്രായത്തില്‍, ദീപക് ഹൂഡ ആദ്യ മത്സരം കളിക്കേണ്ടതായിരുന്നു,” ചോപ്ര പറഞ്ഞു

തന്റെ യൂടൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര

അതോടൊപ്പം ദിനേഷ് കാര്‍ത്തിക്കിന് ഈ പരമ്പരയില്‍ ഒരുപാട് ബോളുകള്‍ കളിക്കാന്‍ കിട്ടാന്‍ സാധ്യതയില്ലെന്നും ചോപ്ര പറയുകയുണ്ടായി. 2019ന് ശേഷം ആദ്യമായിട്ടാണ് താരം ഇന്ത്യന്‍ ടീമിലെത്തുന്നത്.

ഐ.പി.എല്‍ 2022ല്‍ ഫിനിഷര്‍ എന്ന നിലയില്‍ കാര്‍ത്തിക്കിന്റെ മികവിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കാര്‍ത്തിക്കിനെ തെരഞ്ഞെടുത്തത്. വെറ്ററന്‍ കീപ്പര്‍-ബാറ്ററിന് ആ പ്രകടനങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ആവര്‍ത്തിക്കാനാകുമോയെന്നറിയാന്‍ പ്ലെയിംഗ് ഇലവന്റെ ഭാഗമായി തുടരേണ്ടതുണ്ട്.

ജൂണ്‍ 12, ഞായറാഴ്ച കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

Content Highlights: Akash Chopra says Hardik Pandya should come to bat before Rishab Pant

Latest Stories

We use cookies to give you the best possible experience. Learn more