2025 ഐ.പി.എല്‍ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിട്ട് പോകുമെന്നും ഏതെല്ലാം താരങ്ങളെ ടീമില്‍ നിലനിര്‍ത്തുമെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.
ഇപ്പോള്‍ ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ആകാശ് ചോപ്ര ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമിയെക്കുറിച്ച് സംസാരിക്കുകയാണ്. 2023 ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നതോടെ ഏറെ നാള്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ 2024 ഐ.പി.എല്ലും 2024 ടി-20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു.
ഇതോടെ 2025 ഐ.പി.എല്ലിന് മുന്നോടിയായി താരത്തെ ടീമില്‍ നിന്ന് വിട്ടയക്കുമെന്ന് പറയുകയാണ് ആകാശ് ചോപ്ര.
‘ഐ.പി.എല്‍ 2025ല്‍ ശുഭ്മന്‍ ഗില്ലും റാഷിദ് ഖാനും ഫ്രാഞ്ചൈസിക്കായി കളിക്കുന്നത് നിങ്ങള്‍ കാണും. ടീമില്‍ നിലനിര്‍ത്തേണ്ട മൂന്നാത്തെ താരം സായ് സുദര്‍ശനാണെന്ന് ഞാന്‍ കരുതുന്നു. അവന്‍ ലേലത്തില്‍ പോയാല്‍ എട്ട് മുതല്‍ 10 കോടി വരെ കിട്ടുമെന്ന് ഉറപ്പാണ്. 11 കോടി രൂപയ്ക്ക് ഗുജറാത്തിന് അവനെനിലനിര്‍ത്താന്‍ കഴിയും.
അതിനുശേഷം 18 കോടി രൂപ സമ്പാദിക്കാന്‍ കഴിയുന്ന ഒരു കളിക്കാരനും അവര്‍ക്കില്ല. കെയ്ന്‍ വില്യംസണ്‍, മുഹമ്മദ് ഷമി, ഡേവിഡ് മില്ലര്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും പേരിന് അത്ര വിലയില്ല. പരിക്ക് കാരണം ഷമി ടീമില്‍ നിന്ന് പുറത്തായേക്കും,’ ആകാശ് ചോപ്ര പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന രാഹുല്‍ തെവാട്ടിയയേയും മോഹിത് ശര്‍മയേയും മാനേജ്‌മെന്റ് അണ്‍ ക്യാപ്ഡ് കളിക്കാരായി നിലനിര്‍ത്തിയേക്കുമെന്നും ചോപ്ര പറഞ്ഞു.
‘അവര്‍ക്ക് നാല് കോടി രൂപയ്ക്ക് രണ്ട് അണ്‍ ക്യാപ്ഡ് കളിക്കാരെ തെരഞ്ഞെടുക്കാം. അത് രാഹുല്‍ തെവാട്ടിയയും മോഹിത് ശര്‍മയുമാകും. ഡേവിഡ് മില്ലറിനെ റൈറ്റ് ടു മാച്ച് കാര്‍ഡില്‍ ഉപയോഗിക്കാനും ഗുജറാത്തിന് സാധിക്കും,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
നിലവില്‍ മുഹമ്മദ് ഷമി തിരിച്ചുവരവിന്റെ പാതയിലാണ്. 2023 ഐ.പി.എല്ലില്‍ ഗുജറാത്തിന് വേണ്ടി 28 വിക്കറ്റ് വീഴ്ത്തിയ ഷമി പര്‍പ്പിള്‍ ക്യാപ്പ് ജേതാവായിരുന്നു. മാത്രമല്ല 2022ല്‍ ടീമിന്റെ ആദ്യ സീസണില്‍ തന്നെ കിരീടം നേടാന്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഷമി. 2023ല്‍ ഐ.പി.എല്‍ ഫൈനലില്‍ എത്തിയ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെടുകയായിരുന്നു.
Content Highlight: Akash Chopra Says Gujarat Titans Will Release Mohammad Shami Before 2025 IPL