'ഇന്ത്യയെ നന്നാക്കി കഴിഞ്ഞു, ഇനി പാകിസ്ഥാനെ നന്നാക്കാം' ടീമിന്റെ വീക്ക്‌നെസ്സിനെ തെരഞ്ഞ് കണ്ടുപിടിച്ച് ചോപ്ര
വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ നിരയിലെ വീക്ക് ലിങ്കിനെ കണ്ടെത്തി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. സൂപ്പര്‍ താരം ഫഖര്‍ സമാനാണ് പാകിസ്ഥാനെ പിന്നോട്ട് വലിക്കുന്ന ഘടകം എന്നാണ് അദ്ദേഹം പറയുന്നത്.
ഏഷ്യന്‍ മണ്ണില്‍ താരത്തിന്റെ ബാറ്റിങ് ശരാശരി ചൂണ്ടിക്കാണിച്ചാണ് ചോപ്രയുടെ വിമര്‍ശനം. സ്പിന്നേഴ്‌സിനെതിരെ വിക്കറ്റ് വലിച്ചെറിയുന്നത് താരത്തിന്റെ പതിവാണെന്നും ടോട്ടല്‍ ആവറേജിനെ അപേക്ഷിച്ച് ഏഷ്യന്‍ മണ്ണില്‍ ബാറ്റിങ് ആവറേജ് കുറവാണെന്നും ചോപ്ര നിരീക്ഷിച്ചു.
’72 മത്സരത്തില്‍ നിന്നും 48 എന്ന ശരാശരിയില്‍ മൂവായിരത്തിലധികം റണ്‍സ് നേടിയ താരമാണ് ഫഖര്‍ സമാന്‍. അവന്‍ നേടിയ പത്ത് സെഞ്ച്വറികളില്‍ മൂന്ന് സെഞ്ച്വറിയും പിറന്നത് ഏഷ്യയിലാണ്.
ഏഷ്യന്‍ മണ്ണില്‍ കളിക്കുമ്പോള്‍ അവന്റെ ബാറ്റിങ് ശരാശരി കുറയുകയാണ്. അത് 32.9ലേക്ക് ഇടിയുന്നു. അവന്‍ സ്പിന്നേഴ്‌സിനെതിരെ പലപ്പോഴായി വിക്കറ്റ് വലിച്ചെറിയുന്നു. അതുകൊണ്ടുതന്നെ ഫഖര്‍ സമാനാണ് പാകിസ്ഥാന്‍ നിരയിലെ വീക്ക് ലിങ്ക് ,’ ചോപ്ര പറഞ്ഞു.
അതേസമയം ബാബര്‍ അസവും ഇമാം ഉള്‍ ഹഖും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
‘ഇമാം ഉള്‍ ഹഖ് വളരെ മികച്ച താരമാണ്. ഈ ഫോര്‍മാറ്റില്‍ ബാബര്‍ അസമിന്റെ പ്രകടനമെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാണ്. ഷദാബ് ഖാനും മുഹമ്മദ് നവാസും പിന്നാലെയെത്തി സ്‌കോറിങ്ങിന് വേഗത നല്‍കും എന്നതിനാല്‍ ബാബര്‍ സ്റ്റെഡിയായി ബാറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഫ്ഗാനെതിരായ പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ പാകിസ്ഥാന്‍ അവസാന മത്സരത്തിലും മികച്ച നിലയിലാണ് തുടരുന്നത്.
ബൗളിങ് പിച്ചില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും പ്രകടനമാണ് ടീമിന് തുണയായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 32 ഓവര്‍ പിന്നിടുമ്പോള്‍ 97 റണ്‍സിന് ആറ് എന്ന നിലയിലാണ്. 40 പന്തില്‍ 18 റണ്‍സുമായി ഷാഹിദുള്ളയും 11 പന്തില്‍ 16 റണ്‍സുമായി റാഷിദ് ഖാനുമാണ് ക്രീസില്‍.
Content highlight: Akash Chopra says Fakhar Saman is the weak link in Pakistan