| Sunday, 28th May 2023, 9:50 pm

വിരാടിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഗില്ലിന് ഭീഷണി ആ ഒറ്റ ഒരുത്തന്‍ മാത്രം; തുറന്നടിച്ച് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡ് തകര്‍ക്കാന്‍ ശുഭ്മന്‍ ഗില്ലിന് മുമ്പില്‍ ഭീഷണിയായി നില്‍ക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ പേസര്‍ ദീപക് ചഹറാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന വിരാടിന്റെ റെക്കോഡിനാണ് ഗില്ലിന് മുമ്പില്‍ പ്രതിബന്ധമായി ചഹര്‍ നില്‍ക്കുന്നതെന്നാണ് ചോപ്ര പറയുന്നത്.

‘ഇവന്‍ (ശുഭ്മന്‍ ഗില്‍) വ്യത്യസ്തമായ രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. അവന്‍ വെറും രാജകുമാരനല്ല. അവന്‍ ഇതിനോടകം തന്നെ രാജാവായി മാറിയിരിക്കുകയാണ്.

ഒരു സീസണില്‍ 900+ റണ്‍സ് എ്‌നന വിരാട് കോഹ്‌ലിയുടെ റെക്കോഡ് തകര്‍ക്കാന്‍ അവന് സാധിക്കുമോ?. അതിനവന്‍ ഇനിയും 125 റണ്‍സ് കൂടി സ്വന്തമാക്കണം. തന്റെ അവസാന നാല് ഇന്നിങ്‌സില്‍ നിന്ന് മാത്രം അവന്‍ മൂന്ന് സെഞ്ച്വറി നേടിയിട്ടുണ്ട്.

ശരാശരി റണ്‍സിന്റെ നിയമമാണ് അവന് മുമ്പില്‍ ഒരു പ്രശ്‌നമായി നില്‍ക്കുന്നത്. അതല്ലാതെ ഇവനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല.

ദീപക് ചഹറാണ് അവന് ഭീഷണിയായി നില്‍ക്കുന്നത്. എന്നാല്‍ അവനെയും മറികടക്കാന്‍ ഗില്ലിന് സാധിക്കും. ഗില്‍ വളരെ ശക്തനായ താരമാണ്,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ചോപ്ര പറഞ്ഞു.

ഗില്‍ – ചഹര്‍ പ്ലെയര്‍ ബാറ്റിലില്‍ ചഹറിനാണ് അപ്പര്‍ ഹാന്‍ഡ്. ഗില്ലിനെതിരെ 47 പന്തെറിഞ്ഞപ്പോള്‍ മൂന്ന് തവണയാണ് ചഹര്‍ താരത്തെ പുറത്താക്കിയത്. ക്വാളിഫയര്‍ വണ്ണിലും ചഹറിന് മുമ്പിലാണ് ഗില്‍ വീണത്.

2016ലാണ് ഐ.പി.എല്ലില്‍ ചരിത്രം കുറിച്ചുകൊണ്ട് വിരാട് കോഹ്‌ലി റണ്ണടിച്ചുകൂട്ടിയത്. സണ്‍റൈസേഴ്‌സ് ഹൈദാബാദിനെതിരായ ഫൈനലിലടക്കം മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.

2016ലെ 16 മത്സരത്തില്‍ നിന്നും 81.08 എന്ന ശരാശരിയിലും 152.03 എന്ന സ്‌ട്രൈക്ക് റേറ്റിലും 973 റണ്‍സാണ് വിരാട് നേടിയത്. നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയുമാണ് വിരാടിന്റെ 2016 റണ്ണിലുണ്ടായിരുന്നത്. 83 ബൗണ്ടറിയും 38 സിക്‌സറും അന്ന് വിരാട് സ്വന്തമാക്കിയിരുന്നു.

ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം 16 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 122 റണ്‍സിനാണ് ഗില്‍ വിരാടിന് പുറകില്‍ നില്‍ക്കുന്നത്. എന്നാല്‍ ഗില്ലിന് മുമ്പില്‍ മറ്റൊരു മത്സരം കൂടിയുണ്ട്. ഫൈനലില്‍ 123 റണ്‍സ് നേടിയാല്‍ ഗില്ലിന് വിരാടിനെ മറികടക്കാം.

സീസണിലെ 16 മത്സരത്തില്‍ നിന്നും 156.43 എന്ന പ്രഹരശേഷിയിലും 60.19 എന്ന ശരാശരിയിലും 851 റണ്‍സാണ് ഗില്‍ നേടിയത്. മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമാണ് ഗില്ലിന് ഈ സീസണില്‍ നേടാന്‍ സാധിച്ചത്.

Content highlight: Akash Chopra says Deepak Chahar is a threat to Shubman Gill to break Virat Kohli’s record.

We use cookies to give you the best possible experience. Learn more