വിരാടും പന്തും ചേര്‍ന്ന് 125 റണ്‍സെങ്കിലും നേടും, ആ രണ്ട് പേരും മാത്രം പത്ത് വിക്കറ്റ് വീഴ്ത്തും; വമ്പന്‍ നിരീക്ഷണവുമായി സൂപ്പര്‍ താരം
Sports News
വിരാടും പന്തും ചേര്‍ന്ന് 125 റണ്‍സെങ്കിലും നേടും, ആ രണ്ട് പേരും മാത്രം പത്ത് വിക്കറ്റ് വീഴ്ത്തും; വമ്പന്‍ നിരീക്ഷണവുമായി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th December 2022, 11:06 am

ഏകദിന പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യ തങ്ങളുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ (ഡിസംബര്‍ 14ന്) ചാറ്റോഗ്രാമില്‍ വെച്ച് നടക്കും.

മൂന്നാം ഏകദിനത്തിനിടെ പരിക്കറ്റ രോഹിത് ശര്‍മയുടെ പുറത്താവലും ജഡേജയുടെയും ബുംറയുടെയും അഭാവവും ഇന്ത്യയെ കാര്യമായി തന്നെ ബാധിച്ചേക്കാം. എന്നാല്‍ യുവതാരം റിഷബ് പന്ത് ടീമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യന്‍ സ്‌ക്വാഡിന് ആശ്വാസം നല്‍കുന്നുണ്ട്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ സ്ഥിരം പരാജയമാകുമ്പോഴും ടെസ്റ്റ് ഫോര്‍മാറ്റില്‍ മികച്ച പ്രകടനമാണ് പന്ത് കാഴ്ചവെക്കുന്നത്.

മൂന്നാം ഏകദിനത്തില്‍ വിരാട് സെഞ്ച്വറിയടിച്ചതും ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നുണ്ട്.

ടെസ്റ്റ് മത്സരത്തില്‍ വിരാട് കോഹ്‌ലിയും റിഷബ് പന്തും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിത്തറയിടുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘വിരാട് കോഹ്‌ലിയും റിഷബ് പന്തും ചേര്‍ന്ന് രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി ഏറ്റവും കുറഞ്ഞത് 125 റണ്‍സെങ്കിലും നേടുമെന്നാണ് എനിക്ക് തോന്നുന്നത്. റിഷബ് പന്ത് ടീമിനൊപ്പം ചേര്‍ന്നേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിനൊപ്പമുള്ള മറ്റൊരു താരം കെ.എസ്. ഭരത് ആണ്. പക്ഷേ പന്ത് തന്നെയായിരിക്കും കളിക്കുക,’ ചോപ്ര പറയുന്നു.

ബൗളിങ്ങില്‍ അക്‌സര്‍ പട്ടേലും ആര്‍. അശ്വിനുമായിരിക്കും ഇന്ത്യന്‍ നിരയില്‍ കരുത്താവുക എന്നാണ് ചോപ്ര വിശ്വസിക്കുന്നത്.

‘ആര്‍. അശ്വിനും അക്‌സര്‍ പട്ടേലും ചേര്‍ന്ന് പത്തോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുമെന്നാണ് എന്റെ മറ്റൊരു പ്രവചനം. ആകെ 20 വിക്കറ്റുകള്‍ വീഴും, അതില്‍ പത്തും ഇവരുടെ അക്കൗണ്ടില്‍ തന്നെയായിരിക്കും,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

 

ബംഗ്ലാദേശിനെതിരെ 78.40 ശരാശരിയില്‍ 392 റണ്‍സാണ് ടെസ്റ്റില്‍ നിന്നും കോഹ്‌ലി നേടിയത്. റിഷബ് പന്ത് ഇതാദ്യമായാണ് ബംഗ്ലാ കടുവകള്‍ക്കെതിരെ ടെസ്റ്റ് കളിക്കുന്നത്.

ബൗളിങ്ങില്‍ തിളങ്ങുമെന്ന് ആകാശ് ചോപ്ര വിശ്വസിക്കുന്ന അക്‌സര്‍ പട്ടലും ഇതുവരെ ബംഗ്ലാദേശിനെതിരെ ടെസ്റ്റ് കളിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരെ നാല് ടെസ്റ്റ് മത്സരം കളിച്ച അശ്വിന്‍ 16 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ പരമ്പര വിജയം മാത്രമല്ല ഇന്ത്യക്ക് മുമ്പിലുള്ളത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഒറ്റ മത്സരത്തില്‍ തോറ്റാല്‍ പോലും ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ തച്ചുടക്കപ്പെടും. കിരീട സാധ്യത സജീവമാക്കി നിര്‍ത്താന്‍ ഇന്ത്യക്ക് ഈ വിജയം അനിവാര്യമാണ്.

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയടക്കം ആറ് മത്സരങ്ങളാണ് ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ബാക്കിയുള്ളത്. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരക്ക് ശേഷം ഓസ്ട്രേലിയക്കെതിരെ നാല് മത്സരങ്ങളുടെ പരമ്പരയുമാണ് ഇന്ത്യ കളിക്കുക.

ബാക്കിയുള്ള ആറ് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാന്‍ സാധിക്കൂ. കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെടുത്തിയ കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ഇന്ത്യക്ക് ഏറെ കഷ്ടപ്പെടേണ്ടി വരും.

അപ്ഡേറ്റഡ് സ്‌ക്വാഡ് ഫോര്‍ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് സീരീസ്

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരന്‍, നവ്ദീപ് സെയ്നി, സൗരഭ് കുമാര്‍, ജയ്ദേവ് ഉനദ്കട്.

 

Content Highlight: Akash Chopra’s prediction before India vs Bangladesh 1st test