| Sunday, 26th May 2024, 3:45 pm

അവര്‍ ഐ.പി.എല്‍ കിരീടം ഉയര്‍ത്തിയാല്‍ അത്ഭുതപ്പെടാനില്ല: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ കലാശക്കൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ 17ാം ഐ.പി.എല്‍ സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.

നിലവില്‍ ഐ.പി.എല്‍ ചാമ്പ്യന്‍മാരായ ഇരുവരും തമ്മിലുള്ള പോരാട്ടം പൊടിപാറുമെന്നാണ് ആകാശ് ചാപ്ര പറയുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കൊല്‍ക്കത്ത ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തുകൊണ്ടുമാണ് ഹൈദരാബാദ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

‘ശക്തമായ രണ്ട് ടീമുകള്‍ തമ്മിലുള്ള മികച്ച കളിയായിരിക്കും ഇത്. ഈ മത്സരം ആസ്വാദ്യകരമായിരിക്കും. കൊല്‍ക്കത്തയ്‌ക്കെതിരെ സണ്‍റൈസേഴ്സ് കടുത്ത പോരാട്ടമാകും കാഴ്ചവെക്കുന്നത്. ഹൈദരാബാദ് കിരീടം ഉയര്‍ത്തിയാല്‍ അത്ഭുതപ്പെടേണ്ട. 2012ല്‍ ചെന്നൈയെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത ഈ ഗ്രൗണ്ടില്‍ കിരീടം നേടിയത്,’ ആകാശ് ചോപ്ര പറഞ്ഞു.

ട്രാവിസ് ഹെഡിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് കഴിയുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

‘ട്രാവിസ് ഹെഡിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അഭിഷേക് ശര്‍മയ്ക്ക് അവസരമുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക് ഹെഡിനെ ബുദ്ധിമുട്ടിക്കും. നന്നായി ബാറ്റ് ചെയ്യുന്ന അഭിഷേകിനൊപ്പമാണ് ഞാന്‍, ‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Akash Chopra Predicts The Winner Of IPL 2024

We use cookies to give you the best possible experience. Learn more