| Wednesday, 2nd August 2023, 11:02 pm

ഇയാള്‍ സഞ്ജുവിന്റെ കട്ട ഫാന്‍ ആയോ? സഞ്ജുവിന് ലോകകപ്പ് ടീമിലേക്കുള്ള വാതില്‍ തുറന്നുതന്നെ; മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. മൂന്ന് മത്സരത്തിന്റെ പരമ്പരയും ഇന്ത്യ ഇതോടെ സ്വന്തമാക്കി. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാമത്തെ ഏകദിനത്തില്‍ വിന്‍ഡീസ് ജയിക്കുകയായിരുന്നു.

മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 151 റണ്‍സെടുത്ത് പുറത്തായി.

നാലാമനായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിങ്‌സ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 41 പന്തില്‍ 51 റണ്‍സായിരുന്നു സഞ്ജു നേടിയത്. ടീം സ്‌കോര്‍ 154ല്‍ നില്‍ക്കെയായിരുന്നു സഞ്ജു ക്രീസില്‍ എത്തിയത് നേരിട്ട രണ്ടാം പന്ത് തന്നെ സിക്‌സറടിച്ച് തുടങ്ങിയ അദ്ദേഹം റണ്‍ റേറ്റ് കുറയാതെ തന്നെ സ്‌കോറിങ് കൂട്ടുകയായിരുന്നു.

നാല് സിക്‌സറും രണ്ട് ഫോറും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. മൂന്നാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലുമായി 69 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇപ്പോഴിതാ താരത്തിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. മത്സരത്തില്‍ സഞ്ജു കാഴ്ചവെച്ച പ്രകടനം മികച്ചതാണെന്നും അദ്ദേഹത്തിന് ലോകകപ്പ് ടീമിലേക്കുള്ള വാതില്‍ ഇപ്പോഴും തുറന്നുകിടക്കുകയാണെന്നുമാണ് ചോപ്ര പറഞ്ഞത്. നാലാം നമ്പറിലാണ് സഞ്ജു കൂടുതല്‍ പ്രാപ്തനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സഞ്ജു സാംസണിനെക്കുറിച്ച് ചില ചോദ്യങ്ങളുണ്ടായിരുന്നു. അവസാന മത്സരത്തില്‍ അദ്ദേഹം ഗംഭീരമായിട്ടാണ് കളിച്ചത്. തികച്ചും വ്യത്യസ്തമായ ഫാഷനില്‍ വളരെ നന്നായി ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിച്ചു. താന്‍ ബാറ്റ് ചെയ്ത പൊസിഷനില്‍ അദ്ദേഹം ശരിക്കും ആധിപത്യം പുലര്‍ത്തിയാണ് കളിച്ചത്. കാരണം സഞ്ജുവിനു ഇനി അവസരം ലഭിക്കാനിടയുള്ള പൊസിഷനാണ് നാലാം നമ്പര്‍.

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി-20 പരമ്പരയിലും സഞ്ജു ഇനി കളിക്കും. ആ പരമ്പരയിലും അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. സഞ്ജുവിനെ സംബന്ധിച്ച് ഏകദിന പരമ്പരയിലെ ഒരു മത്സരം മോശമായിരുന്നു, എന്നാല്‍ മറ്റൊന്നില്‍ ഫിഫ്റ്റി നേടുകയും ചെയ്തു. തീര്‍ച്ചയായും അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും നിങ്ങള്‍ക്കു അവഗണിക്കാന്‍ കഴിയില്ല,’ ചോപ്ര നിരീക്ഷിച്ചു.

എന്നാല്‍ വിക്കറ്റ് കീപ്പര്‍മാരുടെ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ സഞ്ജുവിനേക്കാള്‍ മുമ്പിലാണെന്നും ചോപ്ര പറഞ്ഞിരുന്നു. ഏകദിന പരമ്പരയില്‍ മൂന്ന് മത്സരത്തിലും അര്‍ധസെഞ്ച്വറി നേടിയ കിഷനായിരുന്നു പരമ്പരയിലെ താരം.

നേരത്തെ സഞ്ജുവിനെ പോലുള്ള താരങ്ങള്‍ക്ക് ഇനിയും അവസരം നല്‍കണമെന്നും ചോപ്ര പറഞ്ഞിരുന്നു.

Content Highlight: Akash Chopra Praises Sanju Samson

Latest Stories

We use cookies to give you the best possible experience. Learn more