| Monday, 17th April 2023, 6:55 pm

ഒടുവില്‍ ചോപ്രയും സമ്മതിച്ചു; 'സഞ്ജു സിക്‌സറടിക്കുമ്പോള്‍ ലോകത്തിലെ ഏത് ഗ്രൗണ്ടും ചെറുതാണെന്ന് തോന്നും'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ ത്രില്ലര്‍ മാച്ചുകളുടെ ഗണത്തിലേക്കാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ഗുജറാത്ത് ടൈറ്റന്‍സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരം നടന്നുകയറിയത്. മൂന്ന് വിക്കറ്റും നാല് പന്തും ബാക്കി നില്‍ക്കെയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഹോം ടീമിനെ തകര്‍ത്തുവിട്ടത്.

ടൈറ്റന്‍സ് ഉയര്‍ത്തിയ 178 റണ്‍സിന്റെ വിജയലക്ഷ്യം അനായാസമായിരുന്നില്ല രാജസ്ഥാന്‍ മറികടന്നത്. ഒരുവേള നാല് റണ്‍സിന് ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടപ്പെട്ട റോയല്‍സ് തോല്‍വി മുമ്പില്‍ കണ്ടിരുന്നു.

എന്നാല്‍ തോല്‍ക്കാന്‍ മനസില്ലാതെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മുമ്പില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ വിജയിച്ചുകയറി. സഞ്ജുവിനൊപ്പം ഷിംറോണ്‍ ഹെറ്റ്‌മെയറും ധ്രുവ് ജുറേലും ആര്‍. അശ്വിനും തകര്‍ത്തടിച്ചപ്പോഴാണ് രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

ക്രീസിലെത്തിയ ആദ്യ നിമിഷങ്ങളില്‍ സഞ്ജു പതിയെ ആണ് കളിച്ചുതുടങ്ങിയത്. ഒരുവേള 18 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ സഞ്ജു തുടര്‍ന്നങ്ങോട്ട് ഗിയര്‍ മാറ്റുകയായിരുന്നു.

റാഷിദ് ഖാനെറിഞ്ഞ 13ാം ഓവറിലാണ് സഞ്ജു കളി തിരിക്കാന്‍ തുടങ്ങിയത്. റാഷിദിനെ തുടര്‍ച്ചയായി മൂന്ന് തവണയാണ് സഞ്ജു സിക്‌സറിന് തൂക്കിയത്. ഇതുള്‍പ്പെടെ ആറ് തവണയാണ് സഞ്ജു പന്ത് ഗാലറിയിലെത്തിച്ചത്.

സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. താരം സിക്‌സറടിക്കുന്നത് കാണുമ്പോള്‍ ലോകത്തിലെ ഏത് ഗ്രൗണ്ടും വളരെ ചെറുതാണെന്ന് തോന്നിപ്പോകുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.

‘സഞ്ജു സിക്‌സറടിക്കുമ്പോള്‍ ലോകത്തിലെ എല്ലാ ഗ്രൗണ്ടും ചെറുതാണെന്ന് തോന്നിപ്പോകും. അവനടിച്ച ഒരു സിക്‌സര്‍ നേരെ സബര്‍മതി നദിയില്‍ ചെന്നുവീണെന്ന് വരെ തോന്നിപ്പോയിരുന്നു. കഴിഞ്ഞ രണ്ട് മത്സരത്തില്‍ ഡക്കായതിന് ശേഷം അവന്‍ വലിയ സ്‌കോറുകള്‍ നേടണമെന്ന് ദൃഢനിശ്ചമെടുത്തിരുന്നു, അവനത് നേടുകയും ചെയ്തു,’ ചോപ്ര പറഞ്ഞു.

സഞ്ജുവിന്റെ ചെറിയ കുറ്റങ്ങളെ പോലും വിമര്‍ശിക്കുന്ന ചോപ്രയുടെ വാക്കുകളെ ആരാധകരും ആഘോഷമാക്കുന്നുണ്ട്.

മത്സരത്തില്‍ 32 പന്ത് നേരിട്ട സഞ്ജു 60 റണ്‍സാണ് സ്വന്തമാക്കിയത്. നിലവില്‍ അഞ്ച് മത്സരത്തില്‍ നിന്നും 157 റണ്‍സാണ് താരം സ്വന്തമാക്കിയത്. 165.2 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് സാംസണ്‍ റണ്ണടിച്ചുകൂട്ടുന്നത്.

ഗുജറാത്തിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും രാജസ്ഥാനായി. അഞ്ച് മത്സരത്തില്‍ നിന്നും നാല് വിജയവുമായി എട്ട് പോയിന്റാണ് രാജസ്ഥാനുള്ളത്.

Content highlight: Akash Chopra praises Sanju Samson

We use cookies to give you the best possible experience. Learn more