| Sunday, 10th November 2024, 10:57 am

നേരത്തെ സഞ്ജുവിന് നീതി വേണമെന്ന് പറഞ്ഞു, ഇപ്പോള്‍ അവരോട് സഞ്ജു കാട്ടുന്നത് കടുത്ത അനീതി; തുറന്നടിച്ച് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരായ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ സഞ്ജു സാംസണെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഒരു ഇന്നിങ്‌സില്‍ തന്നെ സഞ്ജു എട്ടും പത്തും സിക്‌സറുകളടിച്ച് എതിര്‍ ടീം ബൗളര്‍മാരോട് അനീതി കാണിക്കുകയാണെന്നും ചോപ്ര പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

‘അവന്‍ വളരെ നന്നായി ബാറ്റ് ചെയ്തു. നേരത്തെ എല്ലാവരും സഞ്ജുവിന് നീതി ലഭിക്കേണ്ടതിനെ കുറിച്ച് സംസാരിച്ചു, എന്നാലിപ്പോള്‍ അവന്‍ ബൗളര്‍മാരോട് കടുത്ത അനീതിയാണ് കാണിക്കുന്നത്.  ഫോമിലായിരിക്കുമ്പോള്‍ അവന്‍ അടിച്ചുകളിക്കുന്നു.

അവന്‍ തനിക്ക് മുമ്പിലുള്ളതിനെയെല്ലാം നിശബ്ദമായി നശിപ്പിക്കുകയാണ്. അപാരമായ ടൈമിങ്ങില്‍ അവന്‍ എട്ടും പത്തും സിക്‌സറുകളടിക്കുകയാണ്. ഓരോ തവണയും നിങ്ങള്‍ക്കവനെ പ്രശംസിക്കാതിരിക്കാന്‍ സാധിക്കില്ല,’ ചോപ്ര പറഞ്ഞു.

സഞ്ജുവിന്റെ സെഞ്ച്വറിക്ക് തൊട്ടുപിന്നാലെ എക്‌സിലും താരത്തെ അഭിനന്ദിച്ച് ചോപ്ര കുറിപ്പ് പങ്കുവെച്ചിരുന്നു.

‘എന്തൊരു കളിയാണ് കളിച്ചത് സഞ്ജൂ. അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം. രണ്ടാം സെഞ്ച്വറി സൗത്ത് ആഫ്രിക്കയിലാണ് എന്നത് തന്നെ കൂടുതല്‍ കയ്യടികള്‍ അര്‍ഹിക്കുന്നു. ഹൈദരാബാദിന് സമാനമായ സാഹചര്യങ്ങളേ ആയിരുന്നില്ല അവിടെ,’ ചോപ്ര കുറിച്ചു.

50 പന്തില്‍ ഏഴ് ഫോറും പത്ത് സിക്‌സറും ഉള്‍പ്പെടെ 107 റണ്‍സാണ് കിങ്‌സ്മീഡില്‍ സഞ്ജു അടിച്ചെടുത്തത്. 214.0 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റാണ് സഞ്ജുവിനുണ്ടായിരുന്നത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒട്ടവനവധി റെക്കോഡുകളും സഞ്ജു തന്റെ പേരിന് നേരെ കുറിച്ചിരുന്നു.

എതിരാളികളുടെ തട്ടകത്തില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന ടി-20 സ്‌കോര്‍ എന്ന നേട്ടവും ഡര്‍ബനിലെ വെടിക്കെട്ടിന് പിന്നാലെ സഞ്ജുവിനെ തേടിയെത്തി. ഹോം ഗ്രൗണ്ടിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന ടി-20 സ്‌കോറും രാജസ്ഥാന്‍ നായകന്റെ പേരില്‍ തന്നെയാണ്. ഹൈദരാബാദിനെതിരെ നേടിയ 111 റണ്‍സാണ് സാംസണെ ഈ നേട്ടത്തിലെത്തിച്ചത്.

ടി-20 ഫോര്‍മാറ്റില്‍ ഒന്നിലധികം അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ (ഫുള്‍ മെമ്പര്‍ ടീമുകളില്‍) എന്ന നേട്ടവും ഈ സെഞ്ച്വറിക്ക് പിന്നാലെ സഞ്ജു സ്വന്തമാക്കി.

ഒരു അന്താരാഷ്ട്ര ടി-20 ഇന്നിങ്സില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സഞ്ജു സാംസണ്‍. പ്രോട്ടിയാസിനെതിരെ നേടിയ പത്ത് സിക്സറിന് പിന്നാലെ വേള്‍ഡ് കപ്പ് വിന്നിങ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് സഞ്ജു.

മത്സരത്തില്‍ ഒരു കരിയര്‍ മൈല്‍സ്റ്റോണും സഞ്ജു മറികടന്നിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 7,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പത്താമത് ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, എം.എസ്. ധോണി, ദിനേഷ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ എന്നിവരാണ് ടി-20യില്‍ 7,000 റണ്‍സ് പൂര്‍ത്തിയാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ഇപ്പോള്‍ സെന്റ് ജോര്‍ജ്സ് ഓവലില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതും സഞ്ജുവില്‍ തന്നെയാണ്. താരത്തിന്റെ അറ്റാക്കിങ് അപ്രോച്ചും സ്വന്തം നേട്ടങ്ങളേക്കാള്‍ ടീമിന് വേണ്ട് സ്‌കോര്‍ ചെയ്യണമെന്ന മനോഭാവവുമാണ് ആരാധകര്‍ക്കിടയില്‍ താരത്തെ കൂടുതല്‍ പ്രിയങ്കരനാക്കിയത്.

രണ്ടാം മത്സരത്തിലും സഞ്ജു മാജിക്കിന് തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സെന്റ് ജോര്‍ജ്സ് ഓവലിലും സെഞ്ച്വറി നേടി ചരിത്ര ഹാട്രിക് സാംസണ്‍ സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Akash Chopra praises Sanju Samson

We use cookies to give you the best possible experience. Learn more