അവന്‍ പത്ത് പന്ത് കൂടി നേരിട്ടിരുന്നെങ്കില്‍ ഇന്ത്യയല്ല, ഉറപ്പായും സൗത്ത് ആഫ്രിക്കയായിരിക്കും ലോകകപ്പ് നേടുക: ആകാശ് ചോപ്ര
Sports News
അവന്‍ പത്ത് പന്ത് കൂടി നേരിട്ടിരുന്നെങ്കില്‍ ഇന്ത്യയല്ല, ഉറപ്പായും സൗത്ത് ആഫ്രിക്കയായിരിക്കും ലോകകപ്പ് നേടുക: ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd July 2024, 11:48 am

ഏറെ നാളത്തെ കിരീടവരള്‍ച്ച അവസാനിപ്പിച്ചാണ് ഇന്ത്യ 2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയത്. 2013 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഐ.സി.സി കിരീടം നേടുന്നത്.

ഈ വിജയത്തിന് പിന്നാലെ ഒന്നിലധികം തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് ടീം എന്ന നേട്ടം സ്വന്തമാക്കാനും ഇന്ത്യക്കായി. ഇംഗ്ലണ്ട് (2010, 2022) വെസ്റ്റ് ഇന്‍ഡീസ് (2012, 2016) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

എന്നാല്‍ ഫൈനലില്‍ പ്രോട്ടിയാസ് സൂപ്പര്‍ താരം ഹെന്റിക് ക്ലാസന്‍ കുറച്ച് സമയം കൂടി ക്രീസില്‍ നിന്നിരുന്നുവെങ്കില്‍ ഇന്ത്യ ഉറപ്പായും പരാജയപ്പെടുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആകാശ് ചോപ്ര.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആകാശ് ചോപ്ര ഇക്കാര്യം പറഞ്ഞത്.

ഈ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള തന്റെ വേള്‍ഡ് കപ്പ് ഇലവനെ തെരഞ്ഞെടുക്കുന്നതിനിടെ ടീമിലെ അഞ്ചാം നമ്പര്‍ താരത്തെ കുറിച്ച് സംസാരിക്കവെയാണ് താരം ക്ലാസനെ കുറിച്ച് സംസാരിച്ചത്.

ഹെന്റിക് ക്ലാസന്‍ തന്റെ പ്രിയപ്പെട്ട താരമാണെന്നും അദ്ദേഹം അല്‍പസമയം കൂടി ക്രീസില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഇന്ത്യ ഉറപ്പായും പരാജയപ്പെടുമായിരുന്നു എന്നും ആകാശ് ചോപ്ര പറഞ്ഞു.

‘അഞ്ചാം നമ്പറില്‍ ആരെ തെരഞ്ഞെടുക്കണം എന്നതില്‍ എന്റെ മുമ്പില്‍ രണ്ട് പേരുകളാണ് ഉള്ളത്. ഞാന്‍ മില്ലറിന് സ്ഥാനം കൊടുക്കണോ അതോ ക്ലാസനെ ഉള്‍പ്പെടുത്തണോ? ഞാന്‍ ക്ലാസനെയാണ് തെരഞ്ഞെടുക്കുന്നത്. അവന്‍ എന്റെ പ്രിയപ്പെട്ട താരമാണ്.

ഫൈനലില്‍ അവന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ക്ലാസന്‍ പത്ത് പന്ത് കൂടി നേരിട്ടിരുന്നെങ്കില്‍ നൂറ് ശതമാനവും സൗത്ത് ആഫ്രിക്കയാകും ലോകകപ്പ് സ്വന്തമാക്കുക,’ ചോപ്ര പറഞ്ഞു.

ഫൈനലില്‍ നേരിട്ട 23ാം പന്തിലാണ് ക്ലാസന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടി-20 വേള്‍ഡ് കപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറിയാണിത്. ഒടുവില്‍ 27 പന്തില്‍ 52 എന്ന നിലയില്‍ താരം പുറത്താവുകയായിരുന്നു.

ക്ലാസന്‍ പുറത്താകുമ്പോള്‍ സൗത്ത് ആഫ്രിക്കയും ലോകകപ്പും തമ്മിലുള്ള ദൂരം 24 പന്തില്‍ 26 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ പിന്നാലെയെത്തിയവര്‍ക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചില്ല.

അതേസമയം, ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിന്റെ നെടുംതൂണുകളായി വിരാട് കോഹ്‌ലിയെയും അക്‌സര്‍ പട്ടേലിനെയും ഒഴിവാക്കിക്കൊണ്ടാണ് ചോപ്ര ടീം ഓഫ് ദി ടൂര്‍ണമെന്റ് തെരഞ്ഞെടുത്തിരിക്കുന്നത്.

ടി-20 ലോകകപ്പ് 2024: ആകാശ് ചോപ്രയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍, ഇന്ത്യ)

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍, അഫ്ഗാനിസ്ഥാന്‍)

ഇബ്രാഹിം സദ്രാന്‍ (അഫ്ഗാനിസ്ഥാന്‍)

നിക്കോളാസ് പൂരന്‍ (വെസ്റ്റ് ഇന്‍ഡീസ്)

സൂര്യകുമാര്‍ യാദവ് (ഇന്ത്യ)

ഹെന്റിക് ക്ലാസന്‍ (സൗത്ത് ആഫ്രിക്ക)

ഹര്‍ദിക് പാണ്ഡ്യ (ഇന്ത്യ)

റാഷിദ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍, അഫ്ഗാനിസ്ഥാന്‍)

റിഷാദ് ഹൊസൈന്‍ (ബംഗ്ലാദേശ്)

ജസ്പ്രീത് ബുംറ (ഇന്ത്യ)

ഫസലാഖ് ഫാറൂഖി (അഫ്ഗാനിസ്ഥാന്‍)

അര്‍ഷ്ദീപ് സിങ് (ഇന്ത്യ)

റിസര്‍വ് താരങ്ങള്‍: ആന്റിക് നോര്‍ക്യ (സൗത്ത് ആഫ്രിക്ക), കുല്‍ദീപ് യാദവ് (ഇന്ത്യ), ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ), മാര്‍കസ് സ്‌റ്റോയ്‌നിസ് (ഓസ്‌ട്രേലിയ)

 

 

Also Read: ബ്രസീലിന് കനത്ത തിരിച്ചടി, കാനറികളുടെ ഗോളടിവീരൻ പുറത്ത്; ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കില്ല

 

Also Read : ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ; ഇതിഹാസങ്ങളുടെ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

 

Also Read: ഇപ്പോള്‍ ഹര്‍ദിക്കിനെ കൂവാന്‍ ധൈര്യമുള്ള ആരങ്കൈിലും ഉണ്ടോ, വെല്ലുവിളിക്കുകയാണ്; തുറന്നടിച്ച് സൂപ്പര്‍ താരം

 

Content highlight: Akash Chopra praises Henrich Klaasan