രോഹിത്തും ദ്രാവിഡും കാരണം അക്കാര്യത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെക്കാള്‍ ഒരുപാട് മുന്നിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം
Cricket
രോഹിത്തും ദ്രാവിഡും കാരണം അക്കാര്യത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെക്കാള്‍ ഒരുപാട് മുന്നിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th August 2022, 3:24 pm

ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ-പാകിസ്ഥാന്‍ ടീമുകള്‍. ടൂര്‍ണമെന്റില്‍ നേര്‍ക്കുനേരാണ് ഇരു ടീമുകളുടെയും ആദ്യ മത്സരം . കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പിലാണ് അവസാനമായി ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം നടന്നത്. മത്സരത്തില്‍ പാകിസ്ഥാന്‍ പത്ത് വിക്കറ്റിന്റെ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.

ഇത്തവണ ആ തോല്‍വിക്ക് പകരം ചോദിക്കാനായിരിക്കും ഇന്ത്യ ഇറങ്ങുന്നത്. മികച്ച ഫോമിലുള്ള പാകിസ്ഥാന്‍ ഇത്തവണയും ഇന്ത്യയെ തോല്‍പിക്കണമെന്ന് നിശ്ചയിച്ചായിരിക്കും ഇറങ്ങുന്നത്.

മത്സരത്തിന് കുറച്ചുനാള്‍ മാത്രം ബാക്കിനില്‍ക്കെ പാകിസ്ഥാന്റെ ശക്തമായ ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

പാകിസ്ഥാന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാണ് ടീമിന്റെ ഏറ്റവും വലിയ ശക്തിയെന്നാണ് ചോപ്ര പറഞ്ഞത്. ടോപ് ഓര്‍ഡര്‍ കാരണമാണ് പാകിസ്ഥാന്‍ ഇന്ത്യയേക്കാള്‍ മുന്നിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഫഖര്‍ സമാന്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിന് ഒരുപാട് ഡാമേജുണ്ടാക്കാന്‍ സാധ്യതയുള്ള താരങ്ങളാണെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

‘അവര്‍ക്ക് മികച്ച മൂന്ന് ടോപ് ഓര്‍ഡറുണ്ട്. ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഫഖര്‍ സമാന്‍. ഇവര്‍ മൂന്നു പേരും ഇന്ത്യക്ക് വളരെയധികം നാശമുണ്ടാക്കും; ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ സ്‌കോര്‍ ചെയ്യാന്‍ പോകുന്ന മേഖലയാണിത്. പാകിസ്ഥാന്റെ ആദ്യ മൂന്ന് ബാറ്റര്‍മാരെയും സോര്‍ട്ട് ചെയ്ത് വെച്ചിട്ടുണ്ട്,’ ചോപ്ര പറഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ടോപ് ഓര്‍ഡറില്‍ ആരൊക്കെ കളിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ കുറെ മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചിരുന്നെങ്കിലും ഓപ്പണിങ്ങില്‍ ഇന്ത്യ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡുമാണ് ഇതിന് ഉത്തരവാദികള്‍. ഐ.പി.എല്ലിന്‍ ശേഷം സിംബാബ്‌വെ പരമ്പരയില്‍ മാത്രം കളിച്ച കെ.എല്‍. രാഹുലായിരിക്കും രോഹിത്തിന്റെ കൂടെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍. ഇത് ടീമിനെ എങ്ങനെ ബാധിക്കുമെന്നറിയില്ല.

ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമെ ഇന്ത്യക്ക് മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ആകാശ് പറയുന്നത്. അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചില്ലായിരുന്നു.

‘കഴിഞ്ഞ തവണ, ഞങ്ങള്‍ക്ക് അവരുടെ ഒരു വിക്കറ്റ് പോലും എടുക്കാന്‍ കഴിഞ്ഞില്ല, ഇത് സങ്കടകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് മാറിയേക്കാം, പക്ഷേ അവരുടെ മൂന്ന് മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാണ് ടീമിന്റെ നട്ടെല്ല്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 28നാണ് ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടക്കുക.

Content Highlight: Akash Chopra Pointing Pakistan’s Upper Hand in Asia Cup