2024ലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ടി-20 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഈ കലണ്ടര്‍ ഇയറില്‍ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ അഞ്ച് താരങ്ങളെയാണ് ചോപ്ര തെരഞ്ഞെടുത്തത്.
മുന്‍ ഇന്ത്യന്‍ ടി-20 ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ സോള്‍ട്ട്, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, ഓസ്‌ട്രേലിയന്‍ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ എന്നിവരാണ് ആകാശ് ചോപ്രയുടെ പട്ടികയില്‍ ഇടം നേടിയത്.
രോഹിത് ശര്‍മയെന്ന ക്യാപ്റ്റന്റെ ടി-20 കരിയിര്‍ ഓര്‍ത്തുവെക്കപ്പെടുക 2024 എന്ന വര്‍ഷത്തിലൂടെയായിരിക്കും. നീണ്ട 14 വര്‍ഷത്തിന് ശേഷം ഇന്ത്യയെ ടി-20 കിരീടം ചൂടിച്ചാണ് രോഹിത് മെന്‍ ഇന്‍ ബ്ലൂവിന്റെ കിരീട വരള്‍ച്ച അവസാനിപ്പിച്ചത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അതികായരായി തുടരുമ്പോഴും ഐ.സി.സി കിരീടം എപ്പോഴും സ്വപ്‌നമായിരുന്ന ഇന്ത്യക്ക് രണ്ടാം ടി-20 കിരീടമാണ് രോഹിത് സമ്മാനിച്ചത്.
ഈ വര്‍ഷം കളിച്ച 11 മത്സരത്തില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 378 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. 160.16 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 42.00 എന്ന ശരാശരിയിലുമാണ് രോഹിത് സ്‌കോര്‍ ചെയ്തത്.
അന്താരാഷ്ട്ര ടി-20യില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഫില്‍ സാള്‍ട്ടിനും ഈ വര്‍ഷം കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിരുന്നു. ഈ കലണ്ടര്‍ ഇയറില്‍ ത്രീ ലയണ്‍സിനായി ഏറ്റവുമധികം ടി-20 റണ്‍സ് നേടിയതും സാള്‍ട്ട് തന്നെ.
ഈ വര്‍ഷം കളിച്ച 15 ഇന്നിങ്‌സില്‍ നിന്നും 467 റണ്‍സാണ് സാള്‍ട്ട് നേടിയത്. 39.91 ശരാശരിയിലും 164.43 സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്ത താരം ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചു.
മോശമല്ലാത്ത പ്രകടനം നടത്തുമ്പോഴും ഒരു കാലത്ത് തന്നെ സ്ഥിരമായി വിമര്‍ശിച്ചുകൊണ്ടിരുന്ന ആകാശ് ചോപ്രയുടെ ബെസ്റ്റ് ലിസ്റ്റില്‍ കയറിപ്പറ്റിയത് തന്നെയാണ് 2024ല്‍ സഞ്ജുവിന്റെ പ്രകടനത്തിന്റെ അടയാളം. തന്റെ ടി-20 കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു സഞ്ജുവിനിത്.
ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലും ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും കൊടുങ്കാറ്റഴിച്ചുവിട്ട സഞ്ജു ഈ വര്‍ഷം ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് ടി-20 റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാമനാണ്.
12 ഇന്നിങ്‌സില്‍ നിന്നും 43.60 എന്ന മികച്ച ശരാശരിയില്‍ 436 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. സ്‌ട്രൈക്ക് റേറ്റാകട്ടെ 180ന് മുകളിലും. ഈ വര്‍ഷത്തെ റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ 75 സ്ഥാനങ്ങളിലെയും ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് സഞ്ജുവിന്റേതാണ്.
ഈ വര്‍ഷം മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഈ വര്‍ഷം മള്‍ട്ടിപ്പിള്‍ ടി-20ഐ സെഞ്ച്വറി നേടുന്ന രണ്ട് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സഞ്ജു. രണ്ട് സെഞ്ച്വറിയുമായി ഇന്ത്യന്‍ സൂപ്പര്‍ താരം തിലക് വര്‍മയാണ് പട്ടികയില്‍ സഞ്ജുവിന് പിന്നില്‍ ഇടം നേടിയിരിക്കുന്നത്.
മീശക്കാരന്റെ ശക്തിയെന്തെന്ന് എതിരാളികള്‍ വീണ്ടും തിരിച്ചറിഞ്ഞ വര്‍ഷമായിരുന്നു 2024. ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം ടി-20ഐ റണ്‍സ് നേടിയ താരമായാണ് ഹെഡ് ഈ വര്‍ഷത്തെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റ് ക്യാമ്പെയ്ന്‍ അവസാനിപ്പിച്ചത്.
കളിച്ച 15 ഇന്നിങ്‌സില്‍ നിന്നും 539 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്. 38.50 ശരാശരിയിലും സഞ്ജുവിന് തൊട്ടുതാഴെ 178.47 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്തത്. നാല് അര്‍ധ സെഞ്ച്വറികളും ഈ വര്‍ഷം ഹെഡിന്റെ പേരില്‍ കുറിക്കപ്പെട്ടു.
ഈ വര്‍ഷം ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനാണ് ബട്‌ലര്‍. ബാറ്റെടുത്ത 13 ഇന്നിങ്‌സില്‍ നിന്നും 42.00 എന്ന മികച്ച ശരാശരിയില്‍ 462 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 164.11 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
ഇത്തവണ സെഞ്ച്വറിയൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ബട്‌ലര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു. മെയ് 25ന് ബെര്‍മിങ്ഹാമില്‍ പാകിസ്ഥാനെതിരെ നേടിയ 84 റണ്‍സാണ് ടോപ് സ്‌കോര്‍.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബാറ്റര്‍മാര്‍ക്ക് പുറമെ ബൗളര്‍മാരെയും ചോപ്ര തെരഞ്ഞെടുത്തിരുന്നു. അര്‍ഷ്ദീപ് സിങ് (ഇന്ത്യ), അബ്ബാസ് അഫ്രിദി (പാകിസ്ഥാന്‍), മതീശ പതിരാന (ശ്രീലങ്ക), ലോക്കി ഫെര്‍ഗൂസന്‍ (ന്യൂസിലാന്‍ഡ്), ഹാരിസ് റൗഫ് (പാകിസ്ഥാന്‍) എന്നിവരാണ് ചോപ്രയുടെ ഈ വര്‍ഷത്തെ ബെസ്റ്റ് ഫൈവ് ടി-20ഐ ബൗളര്‍മാര്‍.
Content Highlight: Akash Chopra picks best T20I batters of 2024, Sanju Samson included