| Wednesday, 23rd October 2024, 3:39 pm

കിവീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് പണി കിട്ടും; മുന്നറിയിപ്പുമായി ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡ് ചരിത്ര വിജയം സ്വന്തമാക്കുന്നത്. അതേസമയം കിവീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് ഓക്ടോബര്‍ 24 മുതല്‍ 28 വരെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക.

എന്നാല്‍ മത്സരത്തിന് മുമ്പേ ഇന്ത്യന്‍ ടീമിന് വലിയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ക്രിക്കറ്റ് കമന്റേറ്റര്‍ ആകാശ് ചോപ്ര. ഇന്ത്യ രണ്ടാം ടെസ്റ്റില്‍ സ്പിന്നിന് അനുയോജ്യമായ പിച്ചിനാണ് പരിഗണന നല്‍കുന്നതെങ്കില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് ചോപ്ര പറഞ്ഞത്.

ആകാശ് ചോപ്ര പറഞ്ഞത്

‘രണ്ടാം ഗെയിമിനായി ഇന്ത്യ പതുക്കെ ടേണിങ് ട്രാക്ക് ആവശ്യപ്പെട്ടതായി ഞാന്‍ കേട്ടിട്ടുണ്ട്. ബെംഗളൂരുവില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടതിന് ശേഷം ക്യൂറേറ്റര്‍ സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ച് തയ്യാറാക്കുമെന്ന് തോന്നുന്നു. എന്നാല്‍ നിങ്ങള്‍ ഒരു റാങ്ക് ടേണര്‍ പിച്ച് നല്‍കരുതെന്നാണ് നിര്‍ദേശിക്കാന്‍ ആഗ്രഹിക്കുന്നത്, കാരണം അത് ഏത് വഴിക്കും പോകാം.

നിങ്ങള്‍ ബാലന്‍സ്ഡ് ട്രാക്കില്‍ കളിക്കുന്നതായിരിക്കും നിങ്ങളുടെ സ്പിന്നര്‍മാര്‍ക്ക് നല്ലത്. അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ക്ക് രണ്ടാം ഗെയ്മില്‍ ഒരു റാങ്ക് ടേണര്‍ പിച്ചില്‍ കളിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കത് അപകടമാണ്. ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളുടെ സ്ഥാനത്ത് മിച്ചല്‍ സാന്റ്‌നറെ അവര്‍ പ്ലെയിങ് ഇലവനില്‍ ചേര്‍ക്കും,’ ചോപ്ര പറഞ്ഞു.

കിവീസിനെതിരായ ആദ്യത്തെ ടെസ്റ്റ് ഇന്നിങ്‌സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ കിവീസ് 402 റണ്‍സ് നേടി പുറത്തായെങ്കിലും വമ്പന്‍ ലീഡ് നേടുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിന് മടങ്ങിയപ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Akash Chopra Give Warning To Indian Cricket Team

We use cookies to give you the best possible experience. Learn more