| Sunday, 29th January 2023, 1:00 pm

രോഹിത്തിന് ശേഷം ക്യാപ്റ്റനായി ഹര്‍ദിക് വേണ്ട, പകരം ഈ രണ്ട് താരങ്ങളെ പരിഗണിക്കണം: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ അഴിച്ചുപണികള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ടീം ഇന്ത്യയുടെ നായക സ്ഥാനത്തേക്ക് പുതിയ ആളെ പരിഗണിക്കുമെന്നും സൂചനയുണ്ട്.

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. എന്നാല്‍ 2023ലെ ഏകദിന ലോകകപ്പിന് ശേഷം രോഹിത് നായകസ്ഥാനത്ത് നിന്ന് വിടപറഞ്ഞേക്കും.

ടി-20യില്‍ നായകസ്ഥാനത്തേക്ക് ഹര്‍ദിക് പാണ്ഡ്യയെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ ഏകദിനത്തില്‍ ഹര്‍ദിക്കുമായി ഇന്ത്യക്ക് മുന്നോട്ട് പോകാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

നിലവിലെ സാഹചര്യത്തില്‍ അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍സി ആര്‍ക്ക് നല്‍കുമെന്നതില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് ഹര്‍ദിക്കിന്റേതാണെങ്കിലും അതില്‍ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ഇന്ത്യന്‍ നായക സ്ഥാനത്തേക്ക് ഹര്‍ദിക് പാണ്ഡ്യയെ തഴഞ്ഞെന്ന് മാത്രമല്ല ചോപ്ര മറ്റ് രണ്ട് പേരുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ പരിമിത ഓവറില്‍ ഒരു നായകനെ നിയോഗിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഹര്‍ദികിനെ ഏകദിന നായകനാവുന്നതില്‍ വലിയ കാര്യമില്ലാത്തതിനാല്‍ ശുഭ്മന്‍ ഗില്ലിനെയോ റിഷബ്
പന്തിനെയോ ആണ് ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതെന്നും ചോപ്ര പറഞ്ഞു.

‘നിലവിലെ സാഹചര്യത്തില്‍ പരിമിത ഓവറില്‍ ഒരു നായകനെ നിയോഗിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതിന്റെ സമയം കഴിഞ്ഞിരിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാനത്തോടെ രോഹിത് ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞേക്കും.

ഇന്ത്യയുടെ നീണ്ടകാല ഭാവി നോക്കുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ഏകദിന നായകനാവുന്നതില്‍ വലിയ കാര്യമില്ല. ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് എന്നിവരിലൊരാളെയാണ് നായകനാക്കേണ്ടത്. രണ്ട് പേരുമാണ് പരിഗണിക്കാന്‍ സാധിക്കുന്ന ഭാവി നായകന്മാര്‍,’ ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം, ഇന്ത്യ ഭാവി ടി-20 നായകനായി ഹര്‍ദിക് പാണ്ഡ്യയെ ഉറപ്പിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഏകദിനത്തിലും ഹര്‍ദിക് തന്നെ നായകനായി തുടര്‍ന്നേക്കും. ഓരോ ഫോര്‍മാറ്റിലും ഓരോ നായകന്മാരെന്ന നിലയിലേക്ക് ഇന്ത്യന്‍ ടീം പോയേക്കില്ല. ടെസ്റ്റില്‍ അടുത്ത നായകനായി കെ.എല്‍ രാഹുല്‍ എത്താനാണ് സാധ്യത.

Content highlights: Akash Chopra don’t want to see Hardik Pandya as Indian Captain

We use cookies to give you the best possible experience. Learn more