ഓസ്‌ട്രേലിയക്കെതിരെ ബര്‍സാപാര സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങി. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 222 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. 222 റണ്‍സ് പ്രതിരോധിക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും പോരായ്മയെ ചോപ്ര ഊന്നിപ്പറഞ്ഞു.
ക്യാപ്റ്റന്‍സിയിലെ പിഴവുകളാണ് ഇന്ത്യയെ തോല്‍വിയില്‍ എത്തിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു യൂട്യൂബ് വീഡിയോയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അവസാന ഓവറില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറുകളുമുള്‍പ്പെടെ 23 റണ്‍സാണ് പ്രസീത് കൃഷ്ണ വാങ്ങിയത്. ടി-ട്വന്റി ഫോര്‍മാറ്റില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും എസ്പന്‍സീവ് ഓവറായിരുന്നു പ്രസീതന്റേത്.
19ാം ഓവര്‍ എറിഞ്ഞ അക്‌സര്‍ പട്ടേലിന് 22 റണ്‍സ് വിട്ടുകൊടുക്കേണ്ടി വന്നിരുന്നെങ്കിലും നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ മത്സരത്തില്‍ ആറാമത് ബൗളറെ കൊണ്ട് വരാഞ്ഞത് ചൂണ്ടിക്കാണിച്ചു.
‘മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി തോന്നുന്നു. പക്ഷേ 19ാം ഓവറില്‍ അവനെ ഉപയോഗിക്കരുതായിരുന്നു, എനിക്ക് മനസ്സിലായിട്ടില്ല നിങ്ങള്‍ എന്തിനാണ് ആ ഡിസിഷന്‍ എടുത്തതെന്ന്. അത് നിങ്ങളുടെ ഒരു തെറ്റായ കണക്കുകൂട്ടല്‍ ആയിരുന്നു. 19ാം ഓവറില്‍ ഒരു സ്പിന്നറെ തെരഞ്ഞെടുത്തതില്‍ കാര്യമായ തെറ്റുണ്ടെന്ന് തോന്നുന്നു കൂടാതെ 18, 20 ഓവറുകളില്‍ നിങ്ങള്‍ പ്രസീത് കൃഷ്ണയെ കൊണ്ട് എറിയിച്ചു. ഇത് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്ന് തോന്നുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദ് 57 പന്തില്‍ നിന്നും ഏഴു സിക്‌സറുകളും 13 ബൗണ്ടറികളും അടക്കം 123 റണ്‍സ് നേടിയിരുന്നു. സൂര്യകുമാര്‍ യാദവ് 29 പന്തില്‍ നിന്നും രണ്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറികളും അടക്കം 39 റണ്‍സ് നേടി. തിലക് വര്‍മ നാലു ബൗണ്ടറികള്‍ അടക്കം 31 റണ്‍സും നേടിയിരുന്നു. എന്നാല്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയത് 5 പന്തില്‍ പൂജ്യം റണ്‍സ് നേടി പുറത്തുപോയ ഇഷാന്‍ കിഷന്‍.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒസീസിനു വേണ്ടി 48 പന്തില്‍ നിന്നും 14 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ മികച്ച പ്രകടനത്തിലാണ് ഓസീസ് വിജയം കണ്ടത്. എട്ടു സിക്‌സറുകളും ബൗണ്ടറികളും ഉള്‍പ്പെടെയായിരുന്നു മാക്‌സിയുടെ വിന്നിങ് ഇന്നിങ്‌സ്. ട്രാവിസ് ഹെഡ് 35 റണ്‍സും മാത്യു വേഡ് 28 റണ്‍സും നേടി നിര്‍ണായകമായ സംഭാവനയാണ് ടീമിന് നല്‍കിയത്.
Content Highlight: Akash Chopra criticizes India’s loss against Australia