ടെസ്റ്റ് ഫോര്‍മാറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇപ്പോള്‍ നല്ല കാലമല്ല. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലടക്കം മോശം പ്രകടനമാണ് താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ടെസ്റ്റ് ഫോര്‍മാറ്റിലെ എലീറ്റ് ലിസ്റ്റായ ഫാബ് ഫോറില്‍ തുടരുമ്പോഴാണ് വിരാട് തുടര്‍ച്ചയായി പരാജയമാകുന്നത്.
ടെസ്റ്റില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ വരുമ്പോള്‍ വിരാടിനെതിരെ വിമര്‍ശനമുന്നയിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആരാശ് ചോപ്ര. വിരാടിന്റെ പ്രകടനം മോശമാണെന്നും ഇപ്പോള്‍ ഫാബ് ത്രീ മാത്രമേ ഉള്ളൂ എന്നുമാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്.
വിരാട് കോഹ്‌ലി, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഫാബ് ഫോറിലെ താരങ്ങള്‍. എന്നാല്‍ നിലവിലെ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വിരാട് കോഹ്‌ലിക്ക് ഫാബ് ഫോറില്‍ ഇടമില്ലെന്നാണ് ചോപ്ര നിരീക്ഷിക്കുന്നത്.
‘വിരാട് കോഹ്‌ലി, ജോ റൂട്ട്, തെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഫാബ് ഫോര്‍. 2014-2019 വരെ ഡേവിഡ് വാര്‍ണറും പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫാബ് ഫോറില്ല, ഫാബ് ത്രീ മാത്രമാണുള്ളത്,’ ചോപ്ര പറഞ്ഞു.
‘2014-2019 കാലയളവില്‍ വിരാട് കോഹ്‌ലി വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 58.71 ശരാശരിയില്‍ 5,695 റണ്‍സാണ് നേടിയത്. അതില്‍ നാല് ഇരട്ട സെഞ്ച്വറിയും 22 സെഞ്ച്വറിയും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കാര്യങ്ങള്‍ അത്ര മികച്ച രീതിയിലല്ല പോകുന്നത്. അവന്റെ പ്രകടനം താഴേക്ക് കൂപ്പുകുത്തി. 25 മത്സരത്തില്‍ നിന്നും 29.69 ശരാശരിയില്‍ 1,277 റണ്‍സ് മാത്രമാണ് നേടിയത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം, ഫാബ് ഫോറിലെ മറ്റ് താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
തന്റെ നൂറാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നെങ്കിലും ഈ ആഷസ് പരമ്പരയില്‍ സെഞ്ച്വറിയുമായി സ്മിത്ത് തിളങ്ങിയിരുന്നു. ഇതിന് പുറമെ 9,000 ടെസ്റ്റ് റണ്‍സ് സ്വന്തമാക്കിയ സ്മിത്ത്, കുമാര്‍ സംഗാക്കാരക്ക് പിന്നിലായി ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമായും റെക്കോഡിട്ടിരുന്നു.
സമാനമായ പ്രകടനമാണ് ജോ റൂട്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി തികച്ച ജോ റൂട്ട് ആഷസിന് മുമ്പ് അയര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ ലോക റെക്കോഡും നേടിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമായാണ് റൂട്ട് റെക്കോഡിട്ടത്.
പരിക്കേറ്റ് കിടക്കുകയാണെങ്കിലും ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് വില്യംസണ്‍ ചര്‍ച്ചയായത്.