ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഗംഭീര വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് ടേബിളിന്റെ തലപ്പത്തേക്ക് മടങ്ങിയെത്തിയിരുന്നു. 32 റണ്‍സിനാണ് സഞ്ജുവും സംഘവും ധോണിപ്പടയെ മുട്ടുകുത്തിച്ചത്. സീസണില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തുന്നത്.
മത്സരത്തില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഏറെ പ്രശംസകളേറ്റുവാങ്ങിയിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തത് മുതല്‍ ഇംപാക്ട് പ്ലെയറായ കുല്‍ദീപ് യാദവിനെയടക്കമുള്ള ബൗളര്‍മാരെ കൃത്യമായി വിനിയോഗിച്ചതടക്കമുള്ള നീക്കങ്ങളാണ് കഴിഞ്ഞ മത്സരത്തില്‍ നിര്‍ണായകമായത്.
എന്നാലിപ്പോള്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. മത്സരത്തില്‍ ആദം സാംപയ്ക്ക് നാല് ഓവറും എറിയാന്‍ നല്‍കാത്തതും ജേസണ്‍ ഹോള്‍ഡര്‍ക്ക് ക്വാട്ട തികച്ച് പന്തെറിയാന്‍ അവസരം നല്‍കിയതിനെയുമാണ് ചോപ്ര വിമര്‍ശിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ചോപ്ര സഞ്ജുവിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
‘അവര്‍ ആദം സാംപയെ കളിപ്പിച്ചു. മൂന്ന് വിക്കറ്റാണ് അവന്‍ വീഴ്ത്തിയത്. അതില്‍ ഏറ്റവും പ്രധാനം ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റായിരുന്നു. ശേഷം അവന്‍ ഋതുരാജ് ഗെയ്ക്വാദിനെയും മറ്റൊരു താരത്തെയും (മോയിന്‍ അലി) പുറത്താക്കി.
സാംപ വെറും മൂന്ന് ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. അത് കുറച്ച് അമ്പരപ്പുണ്ടാക്കുന്ന കാര്യമാണ്. ഈ സീസണില്‍ ആദ്യമായി സഞ്ജുവിന് അഞ്ച് ബൗളിങ് ഓപ്ഷനുണ്ടായിരുന്നു, എന്നിട്ടും അവന്‍ കുടുങ്ങിപ്പോയി,’ ചോപ്ര പറഞ്ഞു.
നാല് ഓവറില്‍ അമ്പതിനോടടുപ്പിച്ച് റണ്‍സ് വഴങ്ങിയ ജേസണ്‍ ഹോള്‍ഡറെക്കൊണ്ട് നാല് ഓവര്‍ എറിയിപ്പിച്ച സഞ്ജുവിന്റെ തീരുമാനത്തെയും ചോപ്ര വിമര്‍ശിച്ചു.
‘സഞ്ജുവിന്റെ ചില കണക്കുകൂട്ടലുകള്‍ പിഴക്കുകയും ചെയ്തു. അവന്‍ ആദം സാംപയെക്കൊണ്ട് അവന്റെ മുഴുവന്‍ ക്വാട്ടയും എറിയിപ്പിച്ചില്ല. ജേസണ്‍ ഹോള്‍ഡര്‍ നാല് ഓവറില്‍ അമ്പതിനോടടുപ്പിച്ച് റണ്‍സ് വഴങ്ങി, പക്ഷേ അവന്‍ നാല് ഓവറും പന്തെറിഞ്ഞു.
മറ്റ് രണ്ട് ഫാസ്റ്റ് ബൗളര്‍മാരായ സന്ദീപ് ശര്‍മയും കുല്‍ദീപ് യാദവും ഏഴ് ഓവറാണ് എറിഞ്ഞത്. ആറ് എന്ന എക്കോണമി റേറ്റില്‍ മികച്ച രീതിയിലാണ് അവര്‍ ഇരുവരും പന്തെറിഞ്ഞത്,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മത്സരത്തില്‍ നാല് ഓവറില്‍ നിന്നും 49 റണ്‍സാണ് ഹോള്‍ഡര്‍ വഴങ്ങിയത്. വിക്കറ്റൊന്നും വീഴ്ത്തുകയും ചെയ്തില്ല. സന്ദീപ് ശര്‍മ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയപ്പോള്‍ ഇംപാക്ട് പ്ലെയറായെത്തിയ കുല്‍ദീപ് യാദവ് മൂന്ന് ഓവറില്‍ 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ആദം സാംപ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
Content Highlight: Akash Chopra criticize Sanju Samson’s captaincy