| Monday, 7th August 2023, 11:00 pm

ഇയാളല്ലേ കഴിഞ്ഞ ദിവസം സഞ്ജുവിന് സപ്പോര്‍ട്ടുമായി വന്നത്, പറ്റുന്നില്ലെങ്കില്‍ നിര്‍ത്തിപോകാന്‍ പറഞ്ഞ് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ട്വന്റി-20 മത്സരത്തിലും സഞ്ജു സാംസണ്‍ പരാജയമായിരുന്നു. ആദ്യ മത്സരത്തില്‍ 12 പന്തില്‍ നിന്നും 12 റണ്‍സ് നേടിയ സഞ്ജു രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സ് നേടിയാണ് പുറത്തായത്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ സഞ്ജു ഒരു ബൗണ്ടറിയുള്‍പ്പെടെയാണ് ഏഴ് റണ്‍സ് നേടിയത്. അകീല്‍ ഹൊസൈന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയുമായിരുന്നു.

ഒന്നാം മത്സരത്തില്‍ റണ്ണൗട്ടായിട്ടായിരുന്നു സഞ്ജു പുറത്തായത്. കിട്ടിയ രണ്ട് അവസരത്തിലും പരാജയമായതോടെ താരത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. ഒട്ടും ഉത്തരവാദിത്തമില്ലാതെയായിരുന്നു സഞ്ജു രണ്ടാം മത്സരത്തില്‍ ഔട്ടായത്.

സഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയവരുടെ കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയുമുണ്ടായിരുന്നു. സഞ്ജുവിന് ലോകകപ്പിന്റെ വാതില്‍ ഇപ്പോഴും തുറന്നുകിടക്കുകയാണെന്ന് ഏകദിന പരമ്പരക്കിടയില്‍ ചോപ്ര പറഞ്ഞിരുന്നു.

സഞ്ജുവിന് ഇഷ്ടമുള്ള പൊസിഷനില്‍ കളിപ്പിക്കണം എന്ന് അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ ആരാധകര്‍ക്കോ ആവശ്യപ്പെടാന്‍ സാധിക്കില്ല എന്നും ടീം ആവശ്യപ്പെടുന്ന ഏത് പൊസിഷനിലും ബാറ്റ് ചെയ്യണം എന്നും പറയുകയാണ് ആകാശ് ചോപ്ര. സഞ്ജുവും ഗില്ലും മോശം ഷോട്ട് കളിച്ചാണ് പുറത്തായതെന്നും ബാറ്റിങ് പൊസിഷനെ ചൊല്ലി വേവലാതിപ്പെട്ടിട്ട് കാര്യമില്ലെന്നും എല്ലാ പൊസിഷനിലും കളിക്കണെമെന്നും, അല്ലെങ്കില്‍ കളിക്കണ്ടെന്നും ചോപ്ര പറഞ്ഞു.

‘സഞ്ജു സാംസണ്‍ മോശം ഷോട്ട് കളിച്ചു. തുടക്കത്തില്‍ ശുഭ്മാന്‍ ഗില്ലും പിന്നെ സഞ്ജു സാംസണും മോശം ഷോട്ടുകള്‍ കളിച്ചാണ് പുറത്തായത്. സഞ്ജു സാംസണും ആരാധകര്‍ക്കും പറയാം, അവന്‍ തെറ്റായ നമ്പറില്‍ ബാറ്റ് ചെയ്തതുകൊണ്ട് സംഭവിച്ചതാണ് പ്രശ്നം എന്ന് എന്നൊക്കെ, ഇതൊക്കെ നമുക്ക് ആശ്വസിപ്പിക്കാന്‍ പറയാം.

അതിനാല്‍ നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകളുണ്ട് ഒന്നുകില്‍ നിങ്ങള്‍ കളിക്കുക അല്ലെങ്കില്‍ നിങ്ങള്‍ കളിക്കരുത്. നിങ്ങള്‍ ആ സ്ഥാനത്ത് കളിക്കുകയാണെങ്കില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ അവര്‍ നിങ്ങളെ കളിപ്പിക്കില്ല. 10 ഓവര്‍ ബാക്കിയുണ്ടായിരുന്നപ്പോള്‍ നിങ്ങള്‍ ക്രീസില്‍ എത്തുന്നു. എന്നിട്ടും ഒന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് പറ്റിയില്ല.” ചോപ്ര പറയുന്നു.

തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര. അതേസമയം തിലക് വര്‍മ കാണിച്ച പക്വതയും മികവും മറ്റ് താരങ്ങള്‍ക്ക് ബാറ്റിങ്ങില്‍ കാണിക്കാന്‍ സാധിക്കാത്തതാണ് ഇന്ത്യന്‍ ടീമിന്റെ രണ്ട് മത്സരത്തിലെയും തോല്‍വിയുടെ പ്രധാന കാരണം. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 150 ടാര്‍ഗറ്റ് ചെയ്‌സ് ചെയ്ത ഇന്ത്യ 145ല്‍ ഒതുങ്ങുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ 152 റണ്‍സ് നേടിയപ്പോള്‍ വിന്‍ഡീസ് ഏഴ് പന്ത് ബാക്കി നില്‍ക്കെ ചെയ്‌സ് ചെയ്ത് വിജയിക്കുകയായിരുന്നു.

Content Highlight: Akash Chopra Criticize Sanju Samson

We use cookies to give you the best possible experience. Learn more