ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞടുത്തപ്പോള്‍ ആദ്യ ഇന്നിങ്സില്‍ 259 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ ഒതുക്കിയത്. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയാണ് ന്യൂസിലാന്‍ഡ് നല്‍കിയത്.
വെറും 156 റണ്‍സിനാണ് ഇന്ത്യയെ കിവീസ് ഓള്‍ ഔട്ട് ആക്കിയത്. കിവീസിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്നറിന്റെ ഇടിവെട്ട് ബൗളിങ്ങിലാണ് ഇന്ത്യ തകര്‍ന്നത്.19.3 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 53 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 2.72 എന്ന കിടിലന്‍ എക്കോണമിയും താരത്തിനുണ്ട്. മിച്ചലിന് പുറമെ ഗ്ലെന്‍ ഫിലിപ്സ് രണ്ട് വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റും നേടി.
ഇതോടെ ഇന്ത്യന്‍ ടീമിന് കനത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് കമന്റേറ്ററും നിരീക്ഷകനുമായ ആകാശ് ചോപ്ര. ഇന്ത്യയ്ക്ക് സ്പിന്നിനെ നേരിടാന്‍ കഴിവില്ലെന്നും സ്പിന്നര്‍മാരെ മികച്ച രീതിയില്‍ പ്രതിരോധിക്കുന്ന പൂജാര, രഹാന എന്നിവരെപ്പോലെയുള്ള ബാറ്റര്‍മാര്‍ ഇല്ലെന്നുമാണ് ചോപ്ര പറഞ്ഞത്.
ആകാശ് ചോപ്ര പറഞ്ഞത്
‘ഞങ്ങള്‍ സ്പിന്നര്‍മാരെ നന്നായി കളിക്കുന്നില്ല എന്ന വസ്തുത അംഗീകരിക്കുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്‍ ബൗളിങ് നേരിടാന്‍ മികച്ചവരാണെന്ന ഒരു ചിന്തയുണ്ട്, പക്ഷേ ഞങ്ങള്‍ അങ്ങനെയല്ല എന്നതാണ് സത്യം. സ്പിന്നിങ്, സീമിങ് പിച്ചുകളില്‍ റണ്‍സ് നേടാന്‍ ശ്രമിക്കുന്നതിന് മുമ്പ് പ്രതിരോധ ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്.
ചേതേശ്വര്‍ പൂജാര അത്തരത്തിലുള്ള ഒരു ബാറ്ററായിരുന്നു. അജിങ്ക്യ രഹാനെയ്ക്ക് അദ്ദേഹത്തോട് സാമ്യമുണ്ടായിരുന്നു. എന്നിരുന്നാലും, അവര്‍ നിലവിലെ ടെസ്റ്റിന്റെ ഭാഗമല്ല, മാത്രമല്ല അത്തരം ഗെയിം കളിക്കാന്‍ കഴിയുന്ന ഒരു കളിക്കാരന്‍ പോലും നിലവിലെ ടീമിലില്ല. സ്പിന്നര്‍മാര്‍ ഞങ്ങളെ വീണ്ടും കീഴടക്കി, ഇത് ആദ്യത്തേതും അവസാനത്തേതുമായതല്ല,’ ആകാശ് ചോപ്ര ജിയോസിനിമയില്‍ പറഞ്ഞു.
ഇന്ത്യന്‍ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് കിവീസ് പേസര്‍ ടിം സൗത്തി തുടങ്ങിയത്. ഇന്ത്യന്‍ സ്‌കോര്‍ ഒരു റണ്ണില്‍ നില്‍ക്കെ ഒമ്പത് പന്ത് കളിച്ച് പൂജ്യം റണ്‍സിനാണ് ഹിറ്റ്മാന്‍ മടങ്ങിയത്.
തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വിരാട് കോഹ്ലി ഒരു റണ്‍സിന് പുറത്തായി ആരാധകരെ നിരാശയിലാക്കി. സാന്റ്നറാണ് താരത്തെയും പുറത്താക്കിയത്. ശേഷം ഇറങ്ങിയ പന്ത് 18 റണ്‍സും സര്‍ഫറാസ് 11 റണ്‍സും നേടി പുറത്തായതോടെ ഇന്ത്യ സമ്മര്‍ദത്തിലാവുകയായിരുന്നു. ശേഷം ഇറങ്ങിയ അശ്വിനും പിടിച്ചുനില്‍ക്കാനായില്ല. നാല് റണ്‍സിനാണ് താരം കൂടാരം കയറിയത്.
അവസാന ഘട്ടത്തില്‍ 38 റണ്‍സ് നേടി രവീന്ദ്ര ജഡേജ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയാണ് പുറത്തായത്. ആകാശ് ദീപ് (6), ജസ്പ്രീത് ബുംറ (0) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലായിരുന്നു. 18 റണ്‍സ് നേടി വാഷിങ്ടണ്‍ സുന്ദറാണ് പിടിച്ച് നിന്നത്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. ഇതോടെ 267 റണ്‍സിന് മുകളിലേക്കാണ് കിവീസ് ലീഡ് ഉയര്‍ത്തുന്നത്.
ആദ്യ ഇന്നിങ്സില്‍ കിവീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ്. 11 ഫോര്‍ അടക്കം 76 റണ്‍സാണ് താരം നേടിയത്. അദ്ദേഹത്തിന് പുറമെ യുവ ബാറ്റര്‍ രചിന്‍ രവീന്ദ്ര ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 65 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്സും കളിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചത് വാഷിങ്ടണ്‍ സുന്ദറാണ് 23.1 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് താരം നേടിയത്. താരത്തിന് പുറമെ ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റുകളും നേടി.
Content Highlight: Akash Chopra Criticize Indian Cricket Team