| Saturday, 28th October 2023, 6:12 pm

എന്താണ് സംഭവിച്ചത്? തെറ്റ് മുഴുവന്‍ അമ്പയറിന്റേത്; രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ പ്രോട്ടീസ് സൂപ്പര്‍ താരം റാസി വാന്‍ ഡെര്‍ ഡസന്റെ പുറത്താവല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഡി.ആര്‍.എസിനെയും അംപയറിങ് സിസ്റ്റത്തെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു വാന്‍ ഡെര്‍ ഡസനെ പുറത്താക്കിയ തീരുമാനം.

39 പന്തില്‍ നിന്നും 21 റണ്‍സ് നേടി നില്‍ക്കവെ ഒസാമ മിറിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് വാന്‍ ഡെര്‍ ഡസന്‍ പുറത്തായത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ പ്രോട്ടീസ് റിവ്യൂ എടുക്കുകയായിരുന്നു.

ഡി.ആര്‍.എസ്. റീപ്ലേയില്‍ വിക്കറ്റ് മിസ്സിങ്ങായാണ് ആദ്യം കാണിച്ചത്. എന്നാല്‍ വളരെ പെട്ടെന്ന് അത് അമ്പയേഴ്‌സ് കോളിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് വാന്‍ ഡെര്‍ ഡസന്‍ പുറത്തായത്.

ഇതിന് പിന്നാലെയാണ് ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തിയത്.

വാന്‍ ഡെര്‍ ഡസനെ പുറത്താക്കിയ തീരുമാനം തെറ്റായിട്ടാണ് തനിക്ക് തോന്നിയതെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.

‘റാസി വാന്‍ ഡെര്‍ ഡസനെ പുറത്താക്കിയ രീതി നോക്കുക. എന്താണ് അത്? എന്റെ അഭിപ്രായത്തില്‍ അവന്‍ അമ്പയറിന്റെ തെറ്റായ തീരുമാനത്തില്‍ പുറത്താവുകയായിരുന്നു. വെറും കണ്ണുകൊണ്ട് നോക്കിയാല്‍ അവന്‍ പുറത്തായതായി എന്ന് എല്ലാവര്‍ക്കും തോന്നും.

പന്ത് മിഡില്‍ സ്റ്റംപില്‍ കൊള്ളുകയാണെങ്കില്‍ അമ്പയര്‍ സാധാരണയായി വേഗത്തില്‍ ഔട്ടെന്ന് വിധിയെഴുതും. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല,’ ആകാശ് ചോപ്ര പറഞ്ഞു.

റാസി വാന്‍ ഡെര്‍ ഡസനെ പുറത്താക്കിയ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഐ.സി.സിയുടെ സ്റ്റാന്‍ഡേര്‍ഡിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ആരാധകര്‍ രംഗത്തെത്തിയത്.

അതേസമയം, പാകിസ്ഥാനെ ഒരു വിക്കറ്റിന് തോല്‍പിച്ച് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു തോല്‍വിയുമായി പത്ത് പോയിന്റോടെയാണ് പ്രോട്ടീസ് ഒന്നാമത്തെത്തിയത്.

Content highlight: Akash Chopra criticize DRS

We use cookies to give you the best possible experience. Learn more