ഇന്ത്യ-അയര്‍ലന്‍ഡ് രണ്ടാം ടി-20 മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍ പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന സാംസണ് ഋതുരാജിന്റെ പരിക്കാണ് തുണയായത്. കിട്ടിയ അവസരം മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സഞ്ജുവിന് സാധിച്ചു.
ടോസ് ലഭിച്ച് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണിങ് പൊസിഷനിലായിരുന്നു സഞ്ജു ഇറങ്ങിയത്. മൂന്നാം ഓവറില്‍ തന്നെ മികച്ച് ഫോമില്‍ കളിക്കുന്ന ഇഷന്‍ കിഷാനെ നഷ്ടമായ ഇന്ത്യയെ സഞ്ജുവും ദീപക് ഹൂഡയും ചേര്‍ന്നാണ് കരകയറ്റിയത്. തുടക്കം നങ്കൂരിട്ട് കളിച്ച സഞ്ജു പിന്നീട് കത്തിക്കയറുകയായിരുന്നു.
സഞ്ജുവിന്റെ പ്രകടനം ആരാധകരുടെ കൂടാതെ ക്രിക്കറ്റ് നിരീക്ഷകരുടേയും വിരോധികളുടേയും കയ്യടി നേടികൊടുത്തിരുന്നു. 42 പന്തില്‍ 77 റണ്‍ നേടിയ സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.
സഞ്ജു രോഹിത് ശര്‍മയൊക്കെ നിലകൊള്ളുന്ന കാറ്റഗറിയില്‍പെടുന്ന താരമാണെന്നാണ് ചോപ്ര പറഞ്ഞത്. അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹം അത് മുതലാക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ബാറ്റിങ്ങിന് പ്രത്യേക ഭംഗിയാണെന്നും ചോപ്ര പറഞ്ഞു.
‘സഞ്ജു നന്നായി ബാറ്റ് ചെയ്തു. അവസരം കിട്ടുമ്പോഴൊക്കെ അവന്‍ ക്ലാസ് കാണിക്കും. അവന്‍ ഭംഗിയില്ലാത്ത രീതിയില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. രോഹിത് ശര്‍മ്മയുടെ വിഭാഗത്തിലാണ് സാംസണ്‍. അവന്‍ സ്വതന്ത്രമായ രീതിയില്‍ ബാറ്റ് ചെയ്യുകയും കളി നന്നായി നിയന്ത്രിക്കുകയും ചെയ്യുന്നു,’ ചോപ്ര പറഞ്ഞു.
ഹൂഡയുമായി മികച്ച രീതിയിലാണ് സഞ്ജു ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ നയിച്ചത്. തുടക്കം തൊട്ട് അറ്റാക്ക് ചെയ്യുക എന്ന സ്ഥിരം ശൈലിയില്‍ നിന്നും മാറി പതിയെ സെറ്റില്‍ ആയതിന് ശേഷം ആക്രമിച്ചു കളിക്കുകയായിരുന്നു സഞ്ജു. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും ഒരുപോലെ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
സഞ്ജുവിന്റെ ആരാധകരെ കുറിച്ച് സംസാരിക്കാനും ചോപ്ര മറന്നില്ല. ടോസിന്റെ വേളയില്‍ സഞ്ജു ടീമില്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ മികച്ച റിയാക്ഷനായിരുന്നു ക്രൗഡിന്റെ ഭാഗത്ത് നിന്നുണ്ടായത്.