ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
എന്നാല്‍ സ്‌ക്വാഡിലെ പ്രധാന പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറയുടേയും മുഹമ്മദ് ഷമിയുടേയും ഫിറ്റ്‌നസില്‍ ആശങ്കയുള്ളതിനാല്‍ മുഹമ്മദ് സിറാജിനെ പരിഗണിച്ചേക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. നിലവില്‍ സ്‌ക്വാഡിലില്ലാത്ത സിറാജ് പൂര്‍ണമായും ഫിറ്റാണെന്നും പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ചോപ്ര പറഞ്ഞു.
‘സത്യം പറഞ്ഞാല്‍, മുഹമ്മദ് ഷമിയെക്കുറിച്ചോ ജസ്പ്രീത് ബുംറയെക്കുറിച്ചോ എനിക്ക് വ്യക്തതയില്ല. സ്‌ക്വാഡിലെ പേസര്‍മാരില്‍ ഒരാള്‍ മാത്രമേ കളിക്കാന്‍ ഫിറ്റായിട്ടുള്ളൂ. മറ്റ് രണ്ടുപേരുടെ കാര്യത്തിലും ഞങ്ങള്‍ക്ക് അനിശ്ചിതത്വമുണ്ട്. അവരിലൊരാള്‍ ലഭ്യമല്ലെങ്കില്‍, ലൈനപ്പിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുള്ളത് സിറാജാണ്.
സിറാജ് ശരിയായ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, മാത്രമല്ല അവന്‍ പൂര്‍ണ്ണമായും തയ്യാറാണ്. ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് അവന്‍ തന്റെ വഴി കണ്ടെത്തുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഷമിക്ക് ഇതുവരെ ഒരു കളിയില്‍ പോലും ഇറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ബുംറ വരാനിരിക്കുന്ന ഒരു ഏകദിനത്തില്‍ വന്നേക്കാം, എന്നാലും ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടായാല്‍ മാറ്റമുണ്ടാകും,’ ആകാശ് ചോപ്ര പറഞ്ഞു.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.
Content Highlight: Akash Chopra Believes Mohammad Siraj Will Include In 2025 Champions Trophy Squad