ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലിയെ പിന്തുണച്ച് മുന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.
ശ്രീലങ്കക്കെതിരായ പരമ്പരയില്‍ രണ്ട് സെഞ്ച്വറിയും മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവുമടക്കം സ്വന്തമാക്കി മികച്ച രീതിയില്‍ റണ്ണടിച്ചുകൂട്ടിയതിന് ശേഷമാണ് വിരാട് കിവികളോട് പരാജയപ്പെടുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒറ്റയക്കത്തിന് പുറത്തായതിന് പിന്നാലെ വിരാടിനെതിരെ വന്‍ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏഷ്യന്‍ ടീമുകള്‍ക്കെതിരെ മാത്രമേ വിരാടിന് സ്‌കോര്‍ ചെയ്യാന്‍ സാധിക്കൂ, മികച്ച ടീമുകള്‍ മുമ്പില്‍ വന്നാല്‍ അവന് മുട്ടിടിക്കും തുടങ്ങിയ വിമര്‍ശനങ്ങളായിരുന്നു പ്രധാനമായും ഉയര്‍ന്നത്.
രണ്ടാം മത്സരത്തിലും വിരാട് പരാജയപ്പെട്ടതോടെ വിമര്‍ശനങ്ങള്‍ക്ക് ശക്തിയേറി. പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു കോഹ്‌ലി താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചത്. 27 പന്തില്‍ നിന്നും 36 റണ്‍സാണ് വിരാട് നേടിയത്.
വിരാടിന്റെ നിരാശജനകമായ പ്രകടനത്തിന് പിന്നാലെയാണ് താരത്തിന് പിന്തുണയുമായി ആകാശ് ചോപ്രയെത്തിയത്. എല്ലാ മത്സരത്തിലും ആര്‍ക്കും സെഞ്ച്വറി നേടാന്‍ സാധിക്കില്ലെന്നും ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണെന്നുമാണ് ചോപ്ര ആരാധകരെ ഓര്‍മിപ്പിച്ചത്.
‘ വിരാടിന്റെ ബാറ്റില്‍ നിന്നും ഈ പരമ്പരയില്‍ മികച്ച പ്രകടനങ്ങളൊന്നും തന്നെ ഉണ്ടായില്ല. അവന്‍ 36 റണ്ണാണടിച്ചത്. 46ാം സെഞ്ച്വറിക്ക് ശേഷം അവന്‍ എല്ലാ മത്സരത്തിലും സെഞ്ച്വറി നേടുമെന്നായിരുന്നു തോന്നിച്ചത്. എല്ലാവരും അതുതന്നെയാണ് പറയുന്നത്, എന്നാല്‍ അത് അങ്ങനെ തന്നെ സംഭവിക്കണമെന്നില്ല.
ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്. എല്ലാ മത്സരത്തിലും സെഞ്ച്വറിയടിക്കാന്‍ സാധിക്കില്ല എന്ന വസ്തുത എല്ലാവരെയും സൗമ്യമായി ഓര്‍മപ്പെടുത്തട്ടെ,’ വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ആകെ 55 റണ്‍സ് മാത്രമാണ് വിരാടിന് നേടാന്‍ സാധിച്ചത്. 18.33 എന്ന ശരാശരിയിലായിരുന്നു വിരാട് റണ്‍സ് സ്‌കോര്‍ ചെയ്തത്.
119.57 ആണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ വിരാടിന്റെ സ്‌ട്രൈക്ക് റേറ്റ്. ഈ പരമ്പരയില്‍ നിന്നും ആറ് ബൗണ്ടറിയും ഒരു സിക്‌സറും മാത്രമാണ് വിരാടിന് നേടാന്‍ സാധിച്ചത്.
വരാനിരിക്കുന്ന ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ നിന്നും വിരാടിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലാണ് വിരാട് ഇനി കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യക്ക് മികച്ച മാര്‍ജിനില്‍ ഈ പരമ്പര ജയിക്കാന്‍ സാധിക്കണം.